p-sreeramakrishnan

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴിയെ ചുറ്റിപ്പറ്റി ഉയരുന്ന ഗുരുതര ആരോപണങ്ങളിൽ രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്ന പ്രതിപക്ഷം, ആക്രമണത്തിന്റെ കുന്തമുന സ്പീക്കറിലേക്ക് തിരിച്ചു.

വിദേശത്തേക്ക് ഡോളർ കടത്തിയതിന് ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതന്റെ സഹായം ലഭിച്ചെന്ന് സ്വപ്നയുടെ മൊഴിയിലുണ്ടെന്ന പ്രചാരണമാണ് ഏതാനും നാളുകളായി രാഷ്ട്രീയാന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നത്. രഹസ്യമൊഴി ബന്ധപ്പെട്ട ഏജൻസികളോ കോടതിയോ ഇതുവരെയും പുറത്തുവിടാത്തത് കൊണ്ടുതന്നെ രാഷ്ട്രീയപ്പുകമറ ഉയർത്താൻ ഈ ആരോപണങ്ങൾ ധാരാളം.

ആരോപണമുയർന്ന് രണ്ട് ദിവസം പിന്നിട്ടപ്പോൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ പേരെടുത്ത് പറഞ്ഞ് കടന്നാക്രമിച്ചതോടെ വിവാദം കനത്തു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിംഗ് നടക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ ആരോപണം. സി.പി.എം നേതൃത്വം ആരോപണത്തെ കൈയോടെ തള്ളിയെങ്കിലും അന്തരീക്ഷത്തിൽ അതുയർത്തിവിട്ടിരിക്കുന്ന പുകപടലങ്ങൾ നിലനിൽക്കുകയാണ്.

ഉന്നതന്റെ പേര് പുറത്തുവന്നാൽ ബോധംകെടും എന്നൊക്കെ പറഞ്ഞ് വിവാദത്തിന് എരിവും പുളിവും നൽകി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്നലെ നിയമസഭാ മന്ദിരത്തിലെ മരാമത്ത് പണികളുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ അഴിമതിയാരോപിച്ച് വരും ദിവസങ്ങളിൽ ആക്രമണം കടുപ്പിക്കുമെന്നതിന്റെ വ്യക്തമായ സൂചനയും നൽകി.

സ്പീക്കർക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്നാണ് ചെന്നിത്തല പറഞ്ഞത്. പിന്നാലെ, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് എണ്ണിപ്പറഞ്ഞ് സ്പീക്കർ മറുപടിയും നൽകി. പ്രതിപക്ഷ അംഗങ്ങൾ കൂടി ഉൾപ്പെട്ട സഭാസമിതിയുടെ പരിശോധനയ്ക്ക് വിധേയമായാണ് കാര്യങ്ങളെന്നും സ്പീക്കർ വിശദീകരിച്ചു.

കെ.സുരേന്ദ്രനെതിരെ നിയമ നടപടിയിലേക്ക് നീങ്ങുമെന്ന് സൂചിപ്പിച്ച സ്പീക്കർ, സ്വപ്നയുമായി ഒരുമിച്ച് യാത്ര ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. യു.എ.ഇ കോൺസലേറ്റ് സെക്രട്ടറിയെന്ന നിലയിൽ നേരത്തേ അവരുമായി സൗഹൃദമുണ്ടെന്ന് സമ്മതിച്ച അദ്ദേഹം മറ്റ് ആക്ഷേപങ്ങളെല്ലാം ശക്തിയായി നിഷേധിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ എന്ത് വിവരം തേടിയാലും സാധാരണ പൗരനായി തന്നെ കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് നിലപാട്.

കൊവിഡ് കാലത്ത് ധനകാര്യബിൽ പാസാക്കാനായി ചേർന്ന നിയമസഭാസമ്മേളനത്തിലും സ്പീക്കർക്കെതിരെ ആരോപണ പുകമറ ഉയർന്നിരുന്നു. അദ്ദേഹത്തിന്റെ വിദേശയാത്രകളിൽ പ്രതിപക്ഷം അന്നും ദുരൂഹത ആരോപിച്ചു. ഇപ്പോൾ ആ ആക്ഷേപത്തിന് പുതിയ മാനങ്ങൾ നൽകാനുള്ള ശ്രമമാണെന്ന് ഇടതു നേതൃത്വം വിലയിരുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുകമറയുയർത്തി ഭരണമുന്നണിയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണെന്ന് സി.പി.എമ്മും കരുതുന്നു.

കഴിഞ്ഞ സമ്മേളനത്തിൽ സ്പീക്കറെ നീക്കാനാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം, അടുത്ത മാസം ചേരാനിരിക്കുന്ന നിയമസഭയുടെ അവസാന സമ്മേളനത്തിൽ ആ ആവശ്യം കൂടുതൽ ശക്തമാക്കുമെന്നുറപ്പായി.