1

നെയ്യാറ്റിൻകര: തദ്ദേശ തിരഞ്ഞെടുപ്പിന് താലൂക്കിൽ സുരക്ഷയൊരുക്കുന്നത് നൂറോളം പൊലീസുകാർ. തെക്കൻ കേരളത്തിലെ പ്രധാനപ്പെട്ട വോട്ടെണ്ണൽ കേന്ദ്രമായ നെയ്യാറ്റിൻകര ഗവൺമെന്റ് ബോയിസ് ഹയർസെക്കൻഡറി സ്കൂളിലാണ് നഗരസഭയിലെ എല്ലാ വാർഡുകളിലെയും വോട്ടെണ്ണുന്നത്. കൂടാതെ,പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ,നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ, മാരായമുട്ടം ഗവൺമെന്റ് സ്കൂൾ എന്നിവിടങ്ങളിലും വോട്ടെണ്ണൽ നടക്കും. പാറശാല കുളത്തൂർ കാരോട് ചെങ്കൽ തിരുപുറം പൂവാർ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണുന്നത് പാറശാല സ്കൂളിലാണ്. വെളളറട കുന്നത്തുകാൽ കൊല്ലയിൽ പെരുങ്കടവിള ആര്യങ്കോട് ഒറ്റശേഖരമംഗലം കളളിക്കാട് അമ്പൂരി പഞ്ചായത്തുകളിലെ വോട്ടെണ്ണൽ നടക്കുന്നത് മാരായമുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ്. അതിയന്നൂർ കരുംകുളം കാഞ്ഞിരംകുളം കോട്ടുകാൽ വെങ്ങാനൂർ എന്നിവിടങ്ങളിലേത് നെല്ലിമൂട് സ്കൂളിലും. താലൂക്കിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമിന് കാവലൊരുക്കുന്നത് നെയ്യാറ്റിൻകര സബ് ഡിവിഷനു കീഴിലുളള പൊലീസുകാരാണ്. നെയ്യാറ്റിൻകര മാരായമുട്ടം പാറശാല സി.ഐമാരും സംഘത്തിലുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്.പി എസ്.അനിൽകുമാറിന്റെ ഏകോപനത്തിലാണ് സുരക്ഷാ ചുമതല.