swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നയെ പരിചയമില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന്

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ ക്ഷണിക്കാൻ വരാറുണ്ടായിരുന്നു. ആ നിലയിൽ വളരെ പരിചിതമായ മുഖമാണ്. സൗഹൃദമുണ്ട്. അവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളത് അറിയില്ലായിരുന്നു. അത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ പശ്ചാത്തലം അറിഞ്ഞതിനു ശേഷം ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല.

സ്വർണക്കടത്ത് പ്രതികൾക്ക് ഒരുവിധത്തിലുള്ള സഹായവും നല്‍കിയിട്ടില്ല. ഒരിക്കൽപോലും ഒരുമിച്ച് യാത്ര ചെയ്തിട്ടില്ല. വിദേശത്തുവച്ച് കണ്ടുമുട്ടിയിട്ടില്ല. ആരോപണങ്ങൾ തീർത്തും തെറ്റാണ്.

അന്വേഷണ ഏജൻസികൾക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കിൽ ഒരു സാധാരണ പൗരനെപ്പോലെ നൽകാൻ തയ്യാറാണെന്ന് സ്പീക്കർ വ്യക്തമാക്കി. ഒരു അന്വേഷണ ഏജൻസിയെയും രാഷ്ട്രീയമായ ആരോപണത്തിന് വിധേയമാക്കുകയോ വിമർശിക്കുകയോ ചെയ്യുന്നില്ല.

കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു കണ്ടുപിടിക്കുന്നതുവരെ കേസിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. എന്നാൽ, ആരോപണങ്ങൾ ഉയർത്തുന്നവർക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന് വ്യക്തമാക്കി.

തന്റെ ഗ്രാമത്തിലുള്ളവർ കൂടുതലും വിദേശത്താണെന്നും അവരുടെ ക്ഷണം അനുസരിച്ച് കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. താൻ ഒഴികെയുള്ള കുടുംബം അവിടെയാണ്. എംബസിയെ അറിയിച്ചാണ് വിദേശത്തു പോയിട്ടുള്ളത്. തന്റെ സങ്കൽപത്തിൽപോലും ഇല്ലാത്ത കാര്യമാണ് ആരോപണങ്ങളായി വരുന്നതെന്നും സ്പീക്കർ പറഞ്ഞു.