jayan

കൊല്ലം: ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് പിന്നാലെ കൂട്ടുപ്രതിയും അറസ്റ്റിൽ. വാളത്തുംഗൽ ഇല്ലം നഗർ 161 മങ്കാരത്ത് കിഴക്കതിൽ ജയൻ (36), ഇയാൾക്ക് ആസിഡ് നൽകിയ മയ്യനാട് വടക്കുംകര പടിഞ്ഞാറ് വള്ളിയമ്പലത്തിന് വടക്ക് പ്രശോഭാ ഭവനിൽ സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബർ ഒന്നിന് രാത്രി പത്തോടെ വാളത്തുംഗലായിരുന്നു സംഭവം. വാളത്തുംഗൽ സഹൃദയ ക്ലബിന് സമീപം മങ്ങാരത്ത് കിഴക്കതിൽ രജി (34), മകൾ ആദിത്യ (14), അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നിവർക്ക് നേരെയാണ് ആസിഡ് ഒഴിച്ചത്. ഡിസം.1ന് രാത്രി ഒൻപതോടെ ആസിഡുമായി എത്തിയ ജയൻ ആസിഡ് ഒളിച്ചു വച്ച ശേഷം വീട്ടിലെത്തി വഴക്കുണ്ടാക്കി. രജി ഇക്കാര്യം ഇരവിപുരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും ഇയാൾ കടന്നു. പൊലീസ് തിരികെ പോയപ്പോൾ തിരിച്ചെത്തിയ ഇയാൾ ഭാര്യയ്ക്കും മക്കൾക്കും നേരേ ആസിഡ് ആക്രമണം നടത്തി. ഗുരുതരമായി പരിക്കേറ്റ രജിയും മകൾ ആദിത്യയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അപകടനില തരണം ചെയ്ത ഇരുവരും രണ്ട് ദിവസം മുൻപാണ് ഡിസ്ചാർജായത്. സംഭവശേഷം ഒളിവിൽ പോയ ജയനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ കൊല്ലത്തെത്തിയതായി വിവരം ലഭിച്ച പൊലീസ് കല്ലുവാതുക്കൽ ഭാഗത്തെ ഒളിത്താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആസിഡ് നൽകിയ സുരേഷ് പിടിയിലായത്.

ഇയാൾ ചാത്തനൂർ പൊലീസ് സ്റ്റേഷനിലെ ഒരു കൊലക്കേസ് പ്രതിയാണ്. ലഹരിക്ക് അടിമയായ ജയൻ നിരന്തരം ഭാര്യയെയും മക്കളെയും മർദ്ദിച്ചിരുന്നതായി പരിസരവാസികൾ പറയുന്നു. ജയനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ കൈയേറ്റത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് നാട്ടുകാരെ പിന്തിരിപ്പിച്ചു.