1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ ടോയ്ലെറ്റുകൾ തുറന്നുകൊടുക്കാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊതുജനങ്ങൾ ബുദ്ധിമുട്ടിൽ. നിലവിലുള്ള ടോയ്ലെറ്റുകളെല്ലാം ഉപയോഗശൂന്യമായ നിലയിലാണ്. ഈ സമയത്താണ് പുതിയ ടോയ്ലെറ്റുകൾ അധികൃതർ താഴിട്ട് പൂട്ടിയിരിക്കുന്നത്.

സിവിൽ സ്റ്റേഷൻ വളപ്പിലെ മൂന്ന് ടോയ്ലെറ്റുകളുടെ വാതിലുകൾ കേടായതിനാൽ ഇത് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ബാക്കിയുള്ള മൂന്നെണ്ണമാകട്ടെ വിസർജ്യങ്ങൾ നിറഞ്ഞ് പ്രവേശിക്കാൻ സാധിക്കാത്ത നിലയിലും. സപ്ലൈ ഓഫീസിന് എതിരെ നാല് ടോയ്ലെറ്റുകൾ നിർമ്മിച്ചെങ്കിലും അത് ഇനിയും പൊതുജനങ്ങൾക്കായി തുറന്നു നൽകിയിട്ടില്ല. ഇതാണ് സിവിൽ സ്റ്റേഷനിലെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നത്. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പലരും പരാതികൾ നൽകിയെങ്കിലും അനുകൂല നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

33 ഓഫീസുകൾ

നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ എപ്ലോയ്മെന്റ് ഓഫീസ്, സപ്ലൈ ഓഫീസ്, ആർ.ടി ഓഫീസ്, വ്യവസായ വകുപ്പ്, പെൻഷൻ ട്രഷറി എന്നിവയുൾപ്പെടെ 16 ഡിപ്പാർട്ട്മെന്റുകളുടെ മുപ്പത്തിമൂന്ന് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഇവയിലായി ആയിരത്തിലധികം ജീവനക്കാരും ജോലിചെയ്യുന്നു. ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങളുടെ എണ്ണവും ആയിരക്കണക്കിനാണ്. ഇവരാണ് വൃത്തിയുള്ള ടോയ്ലെറ്റുകൾ ഇല്ലാത്തതിനാൽ ദുരിതം അനുഭവിക്കുന്നത്.

പരാതികൾക്ക് ഫലമില്ല
സിവിൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വെവ്വേറെയാണ് ടോയ്ലെറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നവ താഴിട്ട് പൂട്ടുന്നതിനാൽ ഇത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ പൊതുടോയ്ലെറ്റ് നവീകരിക്കണമെന്ന് പൊതുജനങ്ങൾ പലതവണ ആവശ്യപ്പെട്ടെങ്കിലും അതൊന്നും നടപ്പായില്ല. വിഷയത്തിൽ സിവിൽ സ്റ്റേഷന്റെ ചുമതല വഹിക്കുന്ന മുൻ ഡി.ഡി.ഒ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം.