
വിതുര/കരുനാഗപ്പള്ളി: സുഹൃത്തുക്കൾക്കൊപ്പം കല്ലാറിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി പണിക്കശേരിയിൽ വിഷ്ണുഭവനിൽ ചന്ദ്രന്റെയും രമയുടെയും മകൻ വിഷ്ണു (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ കല്ലാർ ഇരുപത്തിയാറാംകല്ലിന് സമീപം വട്ടക്കയത്തിലാണ് സംഭവം.
പുലർച്ചെ അഞ്ചിന് കരുനാഗപ്പള്ളിയിൽ നിന്നു മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം പൊൻമുടി സന്ദർശിക്കാനെത്തിയതായിരുന്നു. പൊൻമുടി അടച്ചിട്ടിരിക്കുന്നതിനാൽ കല്ലാർ ഗോൾഡൻവാലി ചെക്ക് പോസ്റ്റിൽ എത്തിയ ഇവരെ വനപാലകർ മടക്കിഅയച്ചു. തുടർന്ന് വട്ടക്കയത്തിൽ എത്തി പാറപ്പുറത്തിരുന്ന് ഭക്ഷണം കഴിച്ചശേഷം നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു. കയത്തിൽ മുങ്ങിത്താഴ്ന്ന വിഷ്ണുവിനെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഉടൻ പുറത്തെടുത്ത് ആംബുലൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സും വിതുര ഇൻസ്പെക്ടർ എസ്.ശ്രീജിത്തും സബ് ഇൻസ്പെക്ടർ എസ്.എൽ.സുധീഷും സ്ഥലത്തെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. വിഷ്ണു ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം ജോലിക്ക് ശ്രമിക്കുകയായിരുന്നു. ആര്യ സഹോദരിയാണ്. സംഭവം നടന്ന വട്ടക്കയത്തിനു തൊട്ടു താഴെ രണ്ടാഴ്ച മുൻപ് തൊളിക്കോട് തോട്ടുമുക്ക് സ്വദേശിയായ കൈഫ് മുഹമ്മദ് എന്ന യുവാവും കുളിക്കുന്നതിനിടയിൽ കയത്തിൽ മുങ്ങിമരിച്ചിരുന്നു.
പടം
മരണത്തിന് തൊട്ടുമുൻപ് എടുത്ത ഫോട്ടോ