market

വെള്ളറട: മലയോര ഗ്രാമങ്ങളിൽ യാതൊരു സുരക്ഷയുമില്ലാതെ മുളച്ചുപൊന്തുന്ന വഴിയോര ചന്തകൾ സുരക്ഷാഭീഷണി ഉയർത്തുന്നു. ഗതാഗതകുരുക്കിനും മാലിന്യപ്രശ്നങ്ങൾക്കും കാരണമാകുന്ന തരത്തിലാണ് ഇത്തരം ചന്തകളുടെ പ്രവർത്തനം. പഞ്ചായത്തിൽ നിന്ന് കച്ചവടം നടത്തുന്നതിന് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതാണ് റോഡുവക്കിൽ തമ്പടിക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. പ്രധാന റോഡുകളുടെ വശങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇതാണ് ഗതാഗതകുരുക്കിനുള്ള പ്രധാന കാരണം.

വെള്ളറടയിലെ ആനപ്പാറയിൽ സർക്കാർ വസ്തുവിൽ ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ചന്ത അധികൃതർ ഒഴിപ്പിച്ചിരുന്നു. ഇതോടെയാണ് ഇവിടുത്തെ കച്ചവടക്കാർ വെള്ളറട-ആനപ്പാറ റോഡിലെ കാരമൂട്ടിൽ റോഡുവക്കിൽ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇവിടെ സാധനങ്ങൾ വാങ്ങുന്നതിന് ധാരാളം ജനങ്ങളാണ് എത്തുന്നത്. ഇതാണ് ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. റോഡ് വക്കിൽ മലിനജലം ഒഴുക്കിവിടുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.

സ്ഥലം വേറെയുണ്ട്

മാർക്കറ്റ് ആരംഭിക്കുന്നതിന് സൗകര്യപ്രഥമായ സ്ഥലം ആനപ്പാറയിൽ

സർക്കാരിന്റെ ഉടമസ്ഥതയിൽ നിലവിലുണ്ട്. ഗ്രാമപഞ്ചായത്ത് ഇടപെട്ട് ഇവിടെ ചന്തയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഇത് ഉന്നയിച്ച്

നാന്നൂറോളം നാട്ടുകാർ ഒപ്പിട്ട നിവേദനം മാസങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്തിനും റവന്യൂ വകുപ്പിനും വ്യവസായ വകുപ്പിനും നൽകിയിരുന്നു. എന്നാൽ നിരാശമാത്രമായിരുന്നു ഫലം. വിഷയത്തിൽ നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് കച്ചവടക്കാർ.

സർക്കാരിന്റെ ഉടമസ്ഥതയിൽ ഉപയോഗിക്കാതെ ഇട്ടിരുന്ന സ്ഥലത്താണ് ആനപ്പാറയിൽ ചന്ത പ്രവർത്തിപ്പിച്ചിരുന്നത്. ഇവിടെ നിന്നും ചന്ത ഒഴിപ്പിച്ചതുകാരണം കച്ചവടവും പകുതിയായി കുറഞ്ഞു. കച്ചവടം ചെയ്ത് കുടുംബം പുലർത്താൻ കഴിയാത്ത അവസ്ഥയാണ്.

വ്യാപാരികൾ