vote

മലയിൻകീഴ് : വോട്ടെടുപ്പ് നടന്ന് രണ്ടാം നാൾ പിന്നിടുമ്പോൾ മുന്നണികളെല്ലാം ശുഭ പ്രതീക്ഷയിൽ. മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ, പഞ്ചായത്തുകളിൽ എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോൾ യു.ഡി.എഫും ഇതേ പ്രതീക്ഷയിലാണ്. ബി.ജെ.പി കഴിഞ്ഞ പ്രാവശ്യത്തെക്കാൾ സീറ്റുകൾ അധികം നേടുമെന്നുമാണ് അവകാശപ്പെടുന്നത്. വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് കഴിഞ്ഞ പ്രാവശ്യം എൽ.ഡി.എഫ് അധികാരത്തിലിരുന്നത്. മാറനല്ലൂരിൽ ബി.ജെ.പിയും കോൺഗ്രസും മാറി മാറിയായിരുന്നു ഭരണം. തുല്യവോട്ട് ആയതിനാൽ നറുക്കെടുപ്പിലൂടെയായിരുന്നു അധികാരം സ്ഥാപിച്ചത്. എന്നാൽ വിളവൂർക്കൽ പഞ്ചായത്തിൽ നേരീയ സിറ്റുകളുടെ വ്യത്യാസത്തിലും ബി.ജെ.പിയ്ക്കായിരുന്നു ഭരണം. മലയിൻകീഴ് പഞ്ചായത്തിൽ ഇടതുമുന്നണിയും കോൺഗ്രസും നറുക്കെടുപ്പിലൂടെയാണ് ഭരണം കൈയാളിയിരുന്നത്. ഇക്കുറി ആകെയുള്ള 20 സീറ്റിൽ എൽ.ഡി.എഫ് 14 സീറ്റുവരെ നേടുമെന്നാണ് ഇടതുമുന്നണി മേൽ കമ്മിറ്റികളിൽ നൽകിയിരിക്കുന്ന റിപ്പോർട്ട്. യു.ഡി.എഫ് 11 സീറ്റ് വരെ നേടി ഭരണം നേടാനാകുമെന്ന ശുഭ പ്രതീക്ഷയിലാണ് നേതാക്കൾ. വനിതാസംവരണ പഞ്ചായത്തായ മലയിൻകീഴിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ വനിത ജനറൽ സീറ്റിൽ എൽ.ഡി.എഫ് മത്സരിപ്പിച്ചിരുന്നു. എന്തെങ്കിലും കാരണത്താൽ പരാജയപ്പെടുകയാണെങ്കിൽ മറ്റൊരു സംവരണ സീറ്റിലെ സ്ഥാനാർത്ഥിയെ പ്രസിഡന്റാക്കും. യു.ഡി.എഫും വനിത എസ്.സി സംവരണ വാർഡുകളിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നു. ഇതിനിടെ പഞ്ചായത്തിൽ വരുന്ന അഞ്ച് വർഷക്കാലം കൊണ്ട് നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും മുന്നണികൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മാറനല്ലൂരിലും, വിളവൂർക്കലും എൽ.ഡി.എഫ് ഭരണം തിരിച്ച് പിടിക്കുമെന്ന് അവകാശപ്പെടുമ്പോൾ ഭരണം നിലനിറുത്തുമെന്ന് കോൺഗ്രസും ഒറ്റയ്ക്ക് ഭരിക്കാനുള്ള സീറ്റുകൾ കിട്ടുമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നുണ്ട്. 16ന് നടക്കുന്ന വോട്ടെണ്ണൽ വരെ മുന്നണികളുടെ വീരവാദം തുടരും.