
തിരുവനന്തപുരം: റവന്യൂ വകുപ്പിലെ എ.ഡി.എം ഉൾപ്പെടെ മൂന്ന് ഡെപ്യൂട്ടി കളക്ടർമാക്ക് ഐ.എ.എസ് നൽകി. തിരുവനന്തപുരം എ.ഡി.എം വി.ആർ.വിനോദ്, ഡെപ്യൂട്ടി കളക്ടർമാരായ ജോൺ.വി.സാമുവൽ, എ.ഷിബു എന്നിവർക്കാണ് ഐ.എ.എസ് കൺഫർ ചെയ്തത്. നാലുപേരുടെ പേരാണ് നൽകിയതെങ്കിലും കാസർകോട് ഡെപ്യൂട്ടി കളക്ടർ ദേവിദാസിന്റെ പേര് സാങ്കേതിക കാരണങ്ങളാൽ പരിഗണിച്ചിട്ടില്ല. ഡിസംബർ 31നുള്ളിൽ രേഖകൾ ശരിയായില്ലെങ്കിൽ ദേവിദാസിന് അടുത്ത വർഷമേ നിയമനം ലഭിക്കൂ.
2009ൽ റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കളക്ടറായി നേരിട്ട് നിയമനം നേടിയ വി.ആർ.വിനോദ് തിരുവനന്തപുരം നീറമൺകര സ്വദേശിയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇടുക്കി, അടൂർ, കൊല്ലം എന്നിവിടങ്ങളിൽ ആർ.ഡി.ഒ ആയും ആലപ്പുഴയിൽ ഡെപ്യൂട്ടി കളക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തേ, സി.ബി.ഐയിലും സെൻട്രൽ എക്സൈസിലും ഇൻസ്പെക്ടർ ആയിരുന്നു.
തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടറായ (ഇലക്ഷൻ) ജോൺ സാമുവൽ തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്. മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗ്രൗണ്ട് വാട്ടർ വകുപ്പിലാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് റവന്യൂ വകുപ്പിലേക്ക് വന്നു. തുടർന്നാണ് നേരിട്ട് ഡെപ്യൂട്ടി കളക്ടർ ആയത്. ഇടുക്കി, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ ആയിരുന്നു.
ഹൗസിംഗ് ബോർഡ് ഡെപ്യൂട്ടി കളക്ടർ ആയ എ.ഷിബു തിരുവനന്തപുരം കരമന സ്വദേശിയാണ്. ബി.ടെക്, എം.ബി.എ ബിരുദധാരി. 2009ൽ ഡെപ്യൂട്ടി കളക്ടർ ആയി. ദേവികുളം ആർ.ഡി.ഒ, പാലക്കാട് എ.ഡി.എം,കൊല്ലം കാസർകോട്,എറണാകുളം, തൃശൂർ ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ ആയും പ്രവർത്തിച്ചു.