swapna

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഉഗ്രശേഷിയുള്ളൊരു സ്ഫോടനത്തിന് സാദ്ധ്യതയേറെയാണ്. ബോംബ് സ്ഫോടനമൊന്നുമല്ല അതൊരു മൊഴിയുണ്ടാക്കുന്ന ഉഗ്രശേഷിയുള്ല വിസ്ഫോടനമാണ്. കോടികളുടെ കള്ളപ്പണവും കോഴയും ഡോളറാക്കി വിദേശത്തേക്ക് കടത്തിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കസ്റ്റംസ് ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തെ അത്യുന്നതർക്കെതിരായ വിവരങ്ങൾ അവർ വെളിപ്പെടുത്തിയത്. ഈ മൊഴിപ്പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് ഞെട്ടിപ്പോയി. വെറുതെ ഞെട്ടിയതു മാത്രമല്ല, അധികാരം ദുരുപയോഗപ്പെടുത്തിയ ഉന്നതരുടെ പേരു കണ്ട് തനിക്ക് ഞെട്ടലുണ്ടായെന്ന് വിധിന്യായത്തിൽ രണ്ടിടത്ത് മജിസ്ട്രേറ്റ് എഴുതിവച്ചു. വമ്പൻ സ്രാവുകളുടെ പേരുകൾ തന്റെ മുന്നിലുണ്ടെങ്കിലും രഹസ്യാത്മതക പുറത്താകുമെന്നതിനാൽ പേരുകൾ ഉത്തരവിൽ ഉൾപ്പെടുത്തുന്നില്ലെന്ന പരാമർശവും മജിസ്ട്രേറ്റ് വിധിയിൽ ഉൾപ്പെടുത്തി.

ഇതിനു പിന്നാലെ നാലുദിവസമെടുത്ത് സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി മജിസ്ട്രേറ്റിനു മുന്നിൽ കസ്റ്റംസ് രേഖപ്പെടുത്തി. ബാഹ്യസമ്മർദ്ദമൊന്നുമില്ലാതെ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ മൊഴിയിൽ നിന്ന് ഇനി സ്വപ്നയ്ക്ക് പിന്മാറാനാവില്ല. രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും സംഘവും യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനലിലൂടെ യു.എ.ഇയിലേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാട് വമ്പൻ കോളിളക്കമായി മാറും. സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കാനായി കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. മൊഴിപ്പകർപ്പ് കിട്ടുന്നതോടെ ഉന്നതരെ ചോദ്യംചെയ്യുന്ന നടപടികളിലേക്ക് കേന്ദ്രഏജൻസികൾ കടക്കും. വമ്പൻ സ്രാവുകൾ ഉൾപ്പെട്ട ഇടപാടിനെക്കുറിച്ച് കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് അന്വേഷിക്കുക. കോൺസുലേറ്റിലെ ഉന്നതരും നിരവധി വിദേശികളും പ്രതികളായേക്കുമെന്ന് സൂചനയുണ്ട്. മൂന്നുവർഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാലയിടപാട് നടത്തുന്നതായാണ് കണ്ടെത്തൽ. പഴുതടച്ച അന്വേഷണത്തിനാണ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറിവോടെയും സഹായത്തോടെയുമായിരുന്നു ഡോളർ കടത്തെന്നാണ് അന്വേഷണസംഘം പറയുന്നത്. കോൺസുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും ആക്സിസ് ബാങ്കുദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി വൻതുക ഡോളറാക്കി മാറ്റിയെടുക്കാനും വിദേശത്തേക്ക് കടത്താനും ശിവശങ്കർ സഹായിച്ചു. ശിവശങ്കറുമൊത്ത് നടത്തിയ ആറ് വിദേശയാത്രകളിലും സ്വപ്ന നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ശിവശങ്കർ ഒപ്പമുള്ളതുകൊണ്ട് വിമാനത്താവളത്തിൽ ഗ്രീൻചാനൽ ലഭിച്ചതിനാൽ പരിശോധനകൾ ഒഴിവായി. തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണ്യവിനിമയ ഏജൻസികളിലൂടെയും ബാങ്കുകൾ വഴിയുമാണ് അനധികൃതമായി ഡോളർ സംഭരിച്ചത്. കള്ളപ്പണം സുരക്ഷിതമായി യു.എ.ഇയിലെത്തിച്ചാൽ സ്വപ്നയ്ക്കും സംഘത്തിനും കമ്മിഷൻ ലഭിച്ചിരുന്നു. കൊവിഡിനിടെ, ജൂണിൽ എയർഇന്ത്യയുടെ വന്ദേഭാരത് വിമാനത്തിൽ വിദേശികളെ ദുബായിലെത്തിക്കാൻ സ്വപ്നയ്ക്കായി അഞ്ച് ടിക്കറ്റെടുക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നു. ഇവരുടെ ബാഗുകളിലും വിദേശകറൻസി കടത്തിയെന്നാണ് കണ്ടെത്തൽ. ഐ.ടി വകുപ്പിന്റെതടക്കം സർക്കാർ പരിപാടികളിൽ അതിഥികളായെത്തിച്ചവരുടെ ബാഗുകളിലും ഡോളർ കടത്തിയെന്നാണ് വിവരം. ഈ

പരിപാടികളുടെയെല്ലാം ഏകോപനം സ്വപ്നയായിരുന്നു. അതിഥികൾക്കെല്ലാം വിമാനത്താവളത്തിൽ പരിശോധനയില്ലാത്ത ഗ്രീൻചാനൽ സൗകര്യം അനുവദിക്കുകയും ചെയ്തിരുന്നു.

ലൈഫ്മിഷനിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി (1.40കോടി രൂപ) വിദേശത്തേക്ക് കടത്തിയതിനെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ്, പ്രമുഖർ ഉൾപ്പെട്ട ഹവാല ഇടപാടിന്റെ ചുരുളഴിഞ്ഞത്. ഈ ഇടപാടുകളിൽ സ്വപ്നയും സരിത്തും വെറും ഉപകരണങ്ങൾ മാത്രമായിരുന്നതിനാൽ ഇരുവരെയും മാപ്പുസാക്ഷികളാക്കി കേസ് ബലപ്പിക്കാൻ കസ്റ്റംസ് ശ്രമിക്കുന്നുണ്ട്. രഹസ്യമൊഴി പുറത്തുവന്നാൽ സ്വപ്നയുടെയും സരിത്തിന്റെയും ജീവന് ഭീഷണിയാണെന്നാണ് കസ്റ്റംസ് നിലപാട്. സ്വപ്ന വെളിപ്പെടുത്തിയ, വമ്പൻ സാന്പത്തികയിടപാടുള്ളവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ, പൊലീസിലെ ഉന്നതൻ, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടൻ, പ്രവാസിക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാർ എന്നിങ്ങനെയാണ് പേരുകളെന്നാണ് വിവരം. സംസ്ഥാനത്ത് സുപ്രധാന പദവിയുള്ള നേതാവ് വിമാനത്താവളത്തിൽ ലഭിക്കുന്ന ഗ്രീൻചാനൽ സൗകര്യമുപയോഗിച്ച് സ്വന്തം ബാഗിൽ ഡോളർ കടത്തിയതായാണ് വിവരം.

ഡോളറാക്കി കടത്തിയത് ആരുടെ പണമാണെന്നും ഉറവിടം എന്താണെന്നും കേന്ദ്രഏജൻസികൾ അന്വേഷിക്കുകയാണ്.

കേരളത്തിലേക്കും പണം കടത്ത്

വിദേശത്തേക്ക് ഡോളർ കടത്തിനു പുറമെ, നയതന്ത്ര പാഴ്സലുകളിൽ വിദേശകറൻസി കേരളത്തിലെത്തിച്ചതായും കസ്റ്റംസിന് വിവരമുണ്ട്. യു.എ.ഇ കോൺസുലേറ്റിന്റെ

ജീവകാരുണ്യ അക്കൗണ്ടുകളിലൂടെയും 140കോടിയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൊരു അക്കൗണ്ടിൽ മാത്രം 58കോടി രൂപയെത്തി. ഇതിൽ നാലുകോടി മാത്രമാണ് ശേഷിച്ചിട്ടുള്ളത്. കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവിയായിരുന്ന ഈജിപ്റ്റുകാരൻ ഖാലിദുമായി ചേർന്ന് കോൺസുലേറ്റിന്റെ പേരിൽ ആറ് ജീവകാരുണ്യ അക്കൗണ്ടുകൾ തുറന്ന് ചില മതസംഘടനകൾക്കടക്കം പണമെത്തിച്ച് കമ്മിഷൻ തട്ടിയെന്നാണ് വിവരം. ഇവയൊന്നും കോൺസുലേറ്റിന്റെ ഔദ്യോഗിക അക്കൗണ്ടുകളല്ല. കോൺസുലേറ്റിന്റെ അക്കൗണ്ടിന് വിദേശസഹായനിയന്ത്രണചട്ടം (എഫ്.സി.ആർ.എ) ബാധകമല്ലെന്ന പഴുത് മുതലെടുത്തായിരുന്നു തട്ടിപ്പ്.


തട്ടിപ്പുകൾക്ക് മറയായി കോൺസുലേറ്റ്

യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ചാനൽ ദുരുപയോഗിച്ചാണ് സ്വപ്നയും സംഘവും യു.എ.ഇയിലേക്ക് ഡോളർ കടത്തിയത്. റിവേഴ്സ് ഹവാല എന്നറിയപ്പെടുന്ന ഈ ഇടപാടിന് കോൺസുൽ ജനറൽ അടക്കമുള്ളവരുടെ ഒത്താശയോടെ, ചുക്കാൻപിടിച്ചത് സ്വപ്നയും സന്ദീപുമാണ്. യു.എ.ഇയിൽ പരിശോധന ഒഴിവാക്കാനും കോൺസുലേറ്റ് ഇടപെട്ടു. റിവേഴ്സ് ഹവാല ഇടപാട് നടന്നത് കോൺസുൽ ജനറൽ അടക്കമുള്ളവരുടെ ഒത്താശയോടെയാണ്. ഡോളർനിറച്ച ബാഗ് വിമാനത്താവളത്തിലെ സ്കാനറിൽ പിടിക്കപ്പെടുമോയെന്ന് പരിശോധിച്ചത് കോൺസുലേറ്റിലെ സ്കാനറിലാണ്. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് സ്വപ്നയും കോൺസുലേറ്റിലെ ഖാലിദും ചേർന്നായിരുന്നതിനാൽ, കോൺസുലേറ്റിന്റെ രേഖകൾ നൽകി അനൗദ്യോഗിക അക്കൗണ്ടുകൾ തുറക്കാനായി. ഹൈദരാബാദ് കോൺസുലേറ്റിലെ അക്കൗണ്ടുകൾ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വകാര്യബാങ്കിൽ നിന്ന് പരിധിയിൽ കവിഞ്ഞ പണം സ്വപ്ന പിൻവലിക്കുകയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തത്. ലൈഫ്മിഷനിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി(1.40കോടിരൂപ) വിദേശത്തേക്ക് കടത്തിയത് ഖാലിദാണ്. തിരുവനന്തപുരത്തുനിന്ന് മസ്കറ്റ് വഴി ഈജിപ്‌റ്റിലെ കയ്‌റോയിലേക്കാണ് പോയത്. സ്വപ്നയും സരിത്തും മസ്കറ്റ് വരെ ഖാലിദിനെ അനുഗമിച്ചു. മസ്കറ്റിൽ കോഴപ്പണം വീതംവച്ചതിനെക്കുറിച്ചും അന്വേഷണമുണ്ട്.