photo

നെടുമങ്ങാട്: ഐ.എസ്.ആർ.ഒ വികസനം മുൻനിറുത്തി വലിയമലയിൽ ഭൂമി വിട്ടുകൊടുത്ത നാട്ടുകാർ വസ്തുവില ആവശ്യപ്പെട്ട് സമരരംഗത്ത്. തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് കൊണ്ട് പ്രതിഷേധത്തിന് തിരി കൊളുത്തിയിരുന്നു. നേരിട്ടോ, നെഗോഷ്യബിൾ പർച്ചേഴ്‌സ് പ്രകാരമോ സ്ഥലം ഏറ്റെടുക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഉത്തരവിറങ്ങി നാല് വർഷം പൂർത്തിയാവുമ്പോഴാണ് നിർദ്ദിഷ്ട സ്ഥലത്തിന്റെ ഉടമകൾ സമരവുമായി രംഗത്തെത്തിയത്. 2017 ജൂൺ ഒന്നിനാണ് സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവിറങ്ങിയത്. പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ പ്രത്യാഘാത പഠനം നടത്തിയ കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് സമർപ്പിച്ച റിപ്പോർട്ടിൽ, സെന്റ് ഒന്നിന് അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെ വില നിശ്ചയിച്ചിട്ടുണ്ട്. റിപ്പോർട്ട് അംഗീകരിച്ച് ഐ.എസ്.ആർ.ഒയും സർക്കാരും പുനർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും നടപടി കാര്യക്ഷമാകുന്നില്ല. സർവേ കഴിഞ്ഞ് നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ് വസ്തുവിന്റെ വില നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്താനും തയ്യാറായിട്ടില്ല. 2018 ഡിസംബർ 15ന് സ്ഥലം വിട്ടുകൊടുക്കുന്നവരുടെ ആദ്യ ഹിയറിംഗ് നടത്തി. ഐ.എസ്.ആർ.ഒ ചെയർമാനും കളക്ടറും സ്ഥലം എം.എൽ.എയും പങ്കെടുത്ത ഹിയറിംഗിൽ ആയിരം കോടി രൂപയുടെ പ്രോജക്ടാണെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് വിലയല്ല,നഷ്ടപരിഹാരമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കി. സ്ഥലം നൽകിയ കുടുംബങ്ങളിലെ ഒരംഗത്തിന് വിദ്യാഭ്യാസയോഗ്യത അനുസരിച്ച് തൊഴിൽ നൽകുമെന്നും ഉറപ്പ് ലഭിച്ചതായി വസ്തു ഉടമകൾ അവകാശപ്പെടുന്നുണ്ട്. ഒരു വർഷം കൊണ്ട് നടപടികൾ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച സ്ഥലമേറ്റെടുക്കലാണ് അഞ്ച് വർഷമായിട്ടും ഇഴഞ്ഞുനീങ്ങുന്നത്.

എല്ലാത്തിനും കാരണം അധികൃതരുടെ മെല്ലെപ്പോക്ക്

നഗരസഭ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഐ.എസ്.ആർ.ഒ, എൽ.പി.എസ്.സി ഹെഡ് ക്വാർട്ടേഴ്‌സ് ലോക രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ചന്ദ്രയാൻ, മാൾസ് ഓർബിറ്റർ മിഷൻ എന്നിവ രൂപകല്പന ചെയ്തത് ഇവിടെയാണ്. ദേശീയവും അന്തർദേശീയവുമായ ഈ സ്ഥാപനങ്ങളോട് ചേർന്നു കിടക്കുന്ന 68 ഏക്കർ സ്ഥലമാണ് ഐ.എസ്.ആർ.ഒ വികസനത്തിന് ഏറ്റെടുക്കാൻ തീരുമാനിച്ചത്. റവന്യൂ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കാണ് കാലതാമസത്തിന് കാരണമെന്ന് പറയപ്പെടുന്നു. മുഖ്യമന്ത്രിക്കും ഐ.എസ്.ആർ.ഒ ചെയർമാനും നിവേദനങ്ങൾ നൽകിയിട്ടും ഫലമില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാതിരഞ്ഞെടുപ്പും ബഹിഷ്കരികരിക്കുമെന്നാണ് വസ്‌തുവുടമകളുടെ മുന്നറിയിപ്പ്.

സ്ഥലമുടമകളുടെ പരാതി ഉന്നതാധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ല

- എം.കെ. അനിൽകുമാർ (തഹസിൽദാർ, നെടുമങ്ങാട്)

കൂടിയാലോചനകളുടെ ഫലമായി ഒരുകോടി മുപ്പത് ലക്ഷം രൂപയുടെ പുനഃരധിവാസ പാക്കേജിന് സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കുടുംബത്തിൽ ഒരാളിന് ഐ.എസ്.ആർ.ഒയിൽ വരുന്ന താത്‌കാലിക ഒഴിവുകളിൽ നിയമനം നടത്താനുള്ള ഉത്തരവും റവന്യൂ കമ്മിഷണർ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിലുണ്ടായ കാലവിളംബമാണ് നടപടികൾ ഇഴയാൻ കാരണം.

-ചെറ്റച്ചൽ സഹദേവൻ (നെടുമങ്ങാട് നഗരസഭ മുൻ ചെയർമാൻ)

നിശ്ചയിച്ച വില നൽകി വസ്തു ഏറ്റെടുക്കാത്ത പക്ഷം 4 വർഷത്തെ കാർഷിക നഷ്ടങ്ങൾ കൂടി പരിഹരിക്കണം. സമരം ശക്തമാക്കും.

വിൻസന്റ് (ആക്ഷൻ കൗൺസിൽ)