
ബാലരാമപുരം: ബാലരാമപുരത്തെ തീരാതലവേദനയായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫുട്ട് ഓവർബ്രിഡ്ജ് വരുന്നു. കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം കൊടിനടയിൽ പൂർത്തിയായിക്കഴിഞ്ഞു. മൂന്നാംഘട്ടമായി ബാലരാമപുരം ജംഗ്ഷനിൽ ഫുട്ട് ഓവർബ്രിഡ്ജും അനുബന്ധവികസനവും നടപ്പാക്കാനാണ് ദേശീയപാതാ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ഉന്നതതല യോഗവും ചേർന്നു.
വ്യാപാരികളുടെയും വസ്തു ഉടമകളുടെയും ആക്ഷേപങ്ങൾ അറിയിക്കണമെന്ന് പഞ്ചായത്തിന് കത്തും നൽകി. പദ്ധതിയുടെ ഭാഗമായുള്ള സാമൂഹിക ആഘാത പഠനവും പൂർത്തിയാക്കി. എന്നാൽ കച്ചവടം പൂർണമായി ഇല്ലാതാകുമെന്ന വ്യാപാരികളുടെ ആശങ്കയാണ് ഫുട്ട് ഓവർബ്രിഡ്ജിന്റെ നിർമ്മാണത്തിന് നേരിയ തടസമായി നിലകൊള്ളുന്നത്. എന്നാൽ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊടിനട മുതൽ വഴിമുക്ക് വരെയുള്ള വികസനം പൂർത്തിയാകുംവരെ ബാലരാമപുരത്ത് താത്കാലിക നടപ്പാലം നിർമ്മിക്കണമെന്നും ആവശ്യമുണ്ട്.
ഗതാഗതത്തിൽ കുരുങ്ങി ബാലരാമപുരം
ബാലരാമപുരം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി വർദ്ധിക്കുകയാണ്. നാലുദിക്കിൽ നിന്നുമെത്തുന്ന വാഹനങ്ങളുടെ നീണ്ട ക്യൂ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസിനും ഹോംഗാർഡുകൾക്കും ചില്ലറ ബുദ്ധിമുട്ടല്ല സൃഷ്ടിക്കുന്നത്. യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ചില സാഹചര്യങ്ങളിൽ അരമണിക്കൂറോളം കാത്തുനിൽക്കേണ്ടിവരും. രാവിലെ 9ന് തുടങ്ങുന്ന തിരക്ക് വൈകിട്ട് 7 വരെ തുടരും. വൈകിട്ട് 5 മുതൽ 7 മണിവരെയാണ് ഏറെ ദുരിതം. കുരുക്ക് മുറുകുമ്പോൾ യു ടേൺ സംവിധാനമൊരുക്കിയാണ് പൊലീസ് വാഹനങ്ങൾ കടത്തിവിടുന്നത്.
പ്രതിഷേധം ശക്തം
യു ടേൺ സംവിധാനത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധവും ശക്തമാണ്. ടേൺ നിയന്ത്രണം വന്നതോടെ ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകേണ്ട വാഹനങ്ങൾ 15 മിനിട്ടോളം വൈകുന്നതായാണ് യാത്രക്കാർ പറയുന്നത്. ജംഗ്ഷൻ മുതൽ വഴിമുക്ക് വരെ റോഡിന് നടുവിലെ വൻ കുഴികളും യാത്രക്കാർക്ക് അപകടക്കെണിയാവുകയാണ്. താത്കാലികമായി കുഴികളടയ്ക്കാൻ നടപടി സ്വീകരിക്കുമെങ്കിലും ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വീണ്ടും പഴയനിലയിലാകും. ഇതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
നടപടി വേണം
ബാലരാമപുരത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചാരമൊരുക്കുന്നതിനും മേൽപ്പാലം അടിയന്തരമായി നിർമ്മിക്കണം.ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഓവർ ബ്രിഡ്ജ് നിർമ്മിച്ചാൽ യാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമാകും. ഇതിനുള്ള നടപടി സ്വീകരിക്കണം.
സിറ്റിസൺ ഫോറം ഭാരവാഹികൾ