
പത്തനംതിട്ട: കൊവിഡ് 19 മഹാമാരി തീർത്ത തൊഴിൽ ഇല്ലായ്മ മുതലാക്കി തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലളിതമായ നടപടിക്രമങ്ങളിലൂടെ ലോൺ നൽകുന്നു എന്ന രീതിയിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ പരാതി ലഭിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. ഇത്തരത്തിലുള്ള സ്നാപ്ഇറ്റ്, കാഷ്ബീ, റുപീബസാർ, റുപീ ഫാക്ടറി, മണിബോക്സ്, ഗോകാഷ്, ഗോൾഡ് ബൗൾ, നീഡ് റുപീ,ഗെറ്റ് റുപീഎന്നീ അപ്ലിക്കേഷനുകൾക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകൾക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും മാത്രമേ വായ്പ ആപ്പുകളും പോർട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവദിച്ചിട്ടുള്ളൂ. ദിവസങ്ങൾ മാത്രം കാലാവധിയിൽ അനുവദിക്കുന്ന ഇത്തരം തട്ടിപ്പ് വായ്പകളിൽ തിരിച്ചടവിൽ വീഴ്ച വന്നാൽ പലിശ കൂടുകയും മാസങ്ങൾക്കുള്ളിൽ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകുകയും ചെയ്യും. തിരിച്ചടവ് മുടങ്ങിയാൽ വായ്പ എടുത്തയാളിന്റെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്ക് അവരെ ജാമ്യം നിറുത്തി വായ്പ എടുത്തതായും വായ്പ തിരിച്ചടയ്ക്കുന്നില്ല എന്നുംവ്യാജമായും അപമാനിക്കുന്നതരത്തിലുംസന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യും.
വായ്പ്പനൽകാൻ ആപ്പുകൾക്ക് വലിയ താൽപ്പര്യം
വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചുറുചുറുക്കോടെ സാന്നിദ്ധ്യമുള്ളവർക്ക് വായ്പ നൽകാൻ ആപ്പുകൾക്ക് വലിയ താൽപര്യമാണ്. ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും കോണ്ടാക്ട് ലിസ്റ്റ് വായ്പാസ്ഥാപനത്തിനു കൈമാറ്റം ചെയ്തുകൊടുത്താൽ മതി. തവണ തെറ്റുമ്പോഴേക്കും അടുത്ത സുഹൃത്തുകൾക്കും ബന്ധുക്കൾക്കും സന്ദേശം വന്നിട്ടുണ്ടാകും. പണം കടം വാങ്ങി സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നു എന്ന രീതിയിലായിരിക്കും സന്ദേശങ്ങൾ പ്രചരിക്കുക.
മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
മൊബൈൽ ആപ്പുകളെ പറ്റി റിവ്യൂ ചെയ്ത ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക. ഇത്തരം ഓൺലൈൻ സ്ഥാപനങ്ങൾക്ക് മൊബൈൽ ഒൺലി നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (എൻ.ബി.എഫ്.സി)രജിസ്ട്രഷൻ ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ ഫോണിലുള്ള വിവരങ്ങൾ അപ്പാടെ ഉപയോഗിക്കാൻ പലരും അനുവാദം കൊടുക്കാറുണ്ട്. ഇത് അപകടകരമാണ്. ഏതു ബാങ്ക് അല്ലെങ്കിൽ ധനകാര്യസ്ഥാപനമാണ് വായ്പ ലഭ്യമാക്കുന്നതെന്നു വ്യക്തമല്ലെങ്കിൽ വായ്പ വാങ്ങരുത്. ദിവസക്കണക്കിനോ മാസക്കണക്കിനോ പറയുന്ന പലിശ നിരക്കുകൾ വാർഷികാടിസ്ഥാനത്തിൽ എത്ര വരുമെന്നു മനസിലാക്കണം. പലിശ നിരക്കും പലിശ കണക്കാക്കുന്ന രീതികളും മറ്റു ഫീസുകൾ ഈടാക്കുന്നതും റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണെങ്കിൽ കുറ്റകരമാണ്. വ്യക്തിഗത വിവരങ്ങൾ ദുരുപയോഗപ്പെടുത്തുന്നതും വായ്പ തിരിച്ചു പിടിക്കുന്നതിനായി മോശമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുന്നതും കുറ്റകരമാണെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
സ്നാപ്ഇറ്റ്, കാഷ്ബീ, റുപീബസാർ, റുപീ ഫാക്ടറി, മണിബോക്സ്, ഗോകാഷ്, ഗോൾഡ് ബൗൾ, നീഡ് റുപീ,ഗെറ്റ് റുപീഎന്നീ അപ്ലിക്കേഷനുകൾക്കെതിരെ പരാതി
ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കും
കെ.ജി. സൈമൺ
ജില്ലാ പൊലീസ് മേധാവി