
തിരുവനന്തപുരം: കേരളത്തിൽ അപൂർവമായ പ്ലാസ്‌മോഡിയം ഓവേൽ എന്ന പുതിയ ജനുസിൽപ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിച്ചതിനാൽ പകരാതെ തടയാനായെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
മലമ്പനി ലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാശുപത്രിയിൽ എത്തിയ ജവാനെ പരിശോധിച്ചപ്പോഴാണ് ഈ രോഗമാണെന്ന് വ്യക്തമായത്. മാർഗരേഖ പ്രകാരമുള്ള സമ്പൂർണ ചികിത്സ നൽകുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഈർജിതമാക്കുകയും ചെയ്തു.
ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേൽ രോഗാണു പരത്തുന്ന മലമ്പനി റിപ്പോർട്ട് കാണുന്നത്. സുഡാനിൽ നിന്നെത്തിയ ജവാനിലാണ് രോഗം സ്ഥിരീകരിച്ചത്.
മലമ്പനി വാക്സിനുകൾ ലഭ്യമല്ലാത്തതിനാൽ രോഗം വരാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് അഭികാമ്യം. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം.
എവിടെയെങ്കിലും മലമ്പനി സ്ഥിരീകരിച്ചാൽ ജില്ലാ മെഡിക്കൽ ഓഫീസിലോ, അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കണം.