abhaya

തിരുവനന്തപുരം: കേരളത്തിൽ കോളിളക്കം സൃഷ്ടിക്കുകയും സി.ബി. ഐ ഏറ്റെടുക്കുകയും ചെയ്ത സിസ്റ്റർ അഭയക്കേസിൽ ഇന്നലെ വിചാരണ പൂർത്തിയായി. ഈ മാസം 22ന് പ്രത്യേക സി.ബി.ഐ കോടതി വിധി പറയും. ഒരു വർഷം മുമ്പാണ് വിചാരണ തുടങ്ങിയത്.

ഇരുപത്തിയെട്ട് വർഷം മുമ്പ്

1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ പത്തൊൻപതു വയസുള്ള സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്രിൽ കാണപ്പെട്ടത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയെങ്കിലും കൊലപാതകമാണെന്ന് സി.ബി.ഐ കണ്ടെത്തുകയായിരുന്നു. ഫാദർ തോമസ്.എം.കോട്ടൂർ ഒന്നാംപ്രതിയും സിസ്റ്റർ സെഫി മൂന്നാംപ്രതിയുമാണ്. രണ്ടാം പ്രതിയായ ഫാദർ ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി തെളിവില്ലെന്നുപറഞ്ഞ് വെറുതേവിട്ടിരുന്നു

കോടതി ഉത്തരവ് പ്രകാരം കേസ് ഏറ്റെടുത്ത സി.ബി.ഐ തെളിവില്ലെന്നു കാട്ടി മൂന്നുവട്ടം റിപ്പോർട്ട് നൽകിയിരുന്നു.അതു തള്ളിയ കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടതോടെ 2007ൽ പുതിയ സംഘം അന്വേഷണം തുടങ്ങി. 2008 നവം.19ന് അന്നത്തെ സി.ബി.എെ എ.എസ്.പി നന്ദകുമാർ നായർ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് നയിച്ചത്.

പ്രതികളുടെ അവിഹിത ബന്ധം കണ്ടതിനെ തുടർന്ന് കെെക്കോടാലിയുടെ പിടി കൊണ്ട് നെറുകയിൽ മാരകമായി മർദ്ദിച്ചു. അഭയ ബോധരഹിതയായി വീണു. മരിച്ചെന്ന ധാരണയിൽ പ്രതികൾ കിണറ്റിൽ എടുത്തിട്ടു. അബോധാവസ്ഥയിലായിരുന്ന അഭയ കിണറ്റിലെ വെളളം കുടിച്ച് മുങ്ങിമരിച്ചു എന്നാണ് കേസ്.

പ്രതികൾക്കെതിരെ ബ്രയിൻ മാപ്പിംഗ്, ഫിംഗർ പ്രിന്റ് ടെസ്റ്റ്,പോളീഗ്രാഫ് ടെസ്റ്റ് ,നാർക്കോ ടെസ്റ്റ് എന്നിവ നടത്തിയിരുന്നു. ഡമ്മി പരീക്ഷണം അടക്കമുളള ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കിയ സി.ബി.എെ സംഘം 2009-ൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

49 സാക്ഷികളെയാണ് സി.ബി.എെ വിസ്തരിച്ചത്. 10 ലേറെ സാക്ഷികൾ കൂറുമാറി പ്രതിഭാഗം ചേർന്നു. കൂറുമാറിയ സാക്ഷികളിൽ ഏറിയ പങ്കും സഭയുമായി ബന്ധപ്പെട്ടവർ ആയിരുന്നു.