covid-vaccine

തിരുവനന്തപുരം: കൊവിഡ് വാക്സിൻ വിതരണത്തിന് സംസ്ഥാനത്ത് സജ്ജീകരണമൊരുക്കാനുള്ള നടപടികൾ തുടങ്ങി.

ലോകത്താകെ 250 ഓളം വാക്സിനുകളാണ് ഒരുങ്ങുന്നതെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ സർക്കുലറിൽ പറയുന്നു. ഇന്ത്യയിലെ ഉപയോഗം ദേശീയ തലത്തിൽ രൂപീകരിച്ച നാഷണൽ എക്സ്പർട്ട് ഗ്രൂപ്പ് ഒാൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ ഫോർ കൊവിഡ് 19 എന്ന സമിതിയാണ് തീരുമാനിക്കുക. ഒരുവർഷത്തിനുള്ളിൽ രാജ്യത്തെല്ലാവർക്കും വാക്സിൻഎത്തിക്കാനാണ് ശ്രമം.

സംസ്ഥാനത്ത് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും ആരോഗ്യകുടുംബക്ഷേമവകുപ്പ് സെക്രട്ടറി കൺവീനറും തദ്ദേശം റവന്യു, പട്ടികജാതിവർഗ്ഗ, ആയുഷ്, സാമൂഹ്യനീതി, വനിതാശിശുവികസനം തുടങ്ങിയവകുപ്പുകളുടെ സെക്രട്ടറിമാരും നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് ഡയറക്ടറും അംഗങ്ങളുമായി സ്റ്റിയറിംഗ് കമ്മിറ്റിയുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാന തല സമിതിയും കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ സമിതികളും ബ്ളോക്ക്മെഡിക്കൽ ഒാഫീസർ അദ്ധ്യക്ഷനായി ബ്ളോക്ക് തല സമിതികളും രൂപീകരിക്കാൻ സർക്കുലറിൽ നിർദ്ദേശിച്ചു.

ആരോഗ്യപ്രവർത്തകർ, പൊലീസ്, സേനാവിഭാഗങ്ങൾ, അൻപത് വയസ് കഴിഞ്ഞവർ, കുട്ടികൾ, രോഗികൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക. വാക്സിൻ സൂക്ഷിക്കാനും അതിനായുള്ള ആരോഗ്യസ്ക്വാഡുകൾ രൂപീകരിക്കാനും സമയബന്ധിതമായി വിതരണ നടപടികൾ പൂർത്തിയാക്കാനുമാണ് സംസ്ഥാന തലം മുതൽ ബ്ളോക്ക് തലം വരെയുള്ള സമിതികളെ ഉപയോഗിക്കുക. വാക്സിൻ സൂക്ഷിക്കാൻ ശീതീകരിച്ച വാക് ഇൻ കൂളറുകളും ഐസ്ലാൻഡ് റഫ്രിജറേറ്റുകളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ആവശ്യമാണ്.

സംസ്ഥാനത്ത് 1600ഒാളം ഇത്തരം സംവിധാനങ്ങളുണ്ട്. ഇതുപയോഗിച്ച് സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള കണക്കെടുപ്പും കൂടുതൽ സജ്ജീകരണങ്ങൾ ആവശ്യമുണ്ടെങ്കിൽ അക്കാര്യവും കേന്ദ്രത്തെ അറിയക്കണം. അതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

ആരോഗ്യസ്ഥാപനങ്ങളിൽ ഡോക്ടർമാർ മുതൽ അറ്റൻഡർ വരെയുള്ളവരുടെ വിവരങ്ങൾ അതത് സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിന്റെ നിർദ്ദിഷ്ട വെബ്സൈറ്റിൽ നൽകണം. രോഗികൾ, പ്രായമേറിയവർ, സേനാവിഭാഗങ്ങൾ തുടങ്ങി മുൻഗണനാവിഭാഗങ്ങളിലുള്ളവരുടെ ഡാറ്റയും സമാഹരിച്ച് അറിയിക്കണം.