പൂവാർ: പൂവാറിൽ നടന്ന രാഷ്ട്രീ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്. സി.പി.എമ്മിൽ നിന്ന് അടുത്തിടെ പുറത്താക്കിയ ജാഫർ, സുഹൃത്ത് ഹനീഫ എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ സക്കീർ, റൗഫൽ എന്നിവർക്കെതിരെ പൂവാർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് പൂവാർ ജംഗ്‌ഷനിൽ അടഞ്ഞുകിടക്കുന്ന ജുവല്ലറിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുമായി സംസാരിച്ച് നിൽക്കവേ സി.പി.എം പ്രദേശിക നേതാക്കളുടെ നിർദ്ദേശപ്രകാരം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ജാഫറിന്റെ പരാതിയിൽ പറയുന്നു.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ഥാനാർത്ഥി നിർണയമാണ് സംഭവങ്ങളുടെ തുടക്കം. പൂവാർ ഗ്രാമപഞ്ചായത്ത് ബണ്ട് റോഡ് വാർഡിൽ സി.പി.എം നേതൃത്വം മുന്നോട്ടുവച്ച സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകനായ ജാഫർ തയ്യാറായില്ല. പകരം സ്വതന്ത്ര സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു. തുടർന്നാണ് ജാഫറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയെ യു.ഡി.എഫ് പിന്തുണച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഇതിനിടെയാണ് ആക്രമണമുണ്ടായത്. കൂടുതൽ സി.പി.എം അനുഭാവികൾ പാർട്ടിവിട്ടു പോകുന്നതും പരാജയഭീതിയുമാണ് സംഘർഷത്തിന് കാരണമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.