dd

 ഉത്രയുടെ അച്ഛന്റെയും സഹോദരന്റെയും സാക്ഷി വിസ്താരം പൂർത്തിയായി

കൊല്ലം: അഞ്ചൽ ഏറത്തെ ഉത്രയുടെ കുടുംബ വീട്ടിൽ സൂരജിന്റെ ഇടപാടിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ കേടായപ്പോൾ നന്നാക്കാൻ ആവശ്യപ്പെട്ടിട്ടും സൂരജ് തയ്യാറായില്ലെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ വിചാരണ കോടതിയിൽ പറഞ്ഞു. ഉത്രവധക്കേസിൽ ഉത്രയുടെ അച്ഛൻ വിജയസേനന്റെയും സഹോദരൻ വിഷുവിന്റെയും എതിർ സാക്ഷി വിസ്‌താരം പൂർത്തിയായി.

വീട്ടിൽ സി.സി.ടി.വി കാമറകൾ ഉണ്ടായിരുന്നെങ്കിലും ഉത്ര കൊല്ലപ്പെട്ടതിനോടടുത്ത സമയങ്ങളിൽ കാമറകൾ പ്രവർത്തിച്ചിരുന്നില്ല. സി.സി ടി.വി കാമറ സൂരജിന്റെ ഇടപാടിൽ അടൂരിൽ നിന്നുള്ള സൂരജിന്റെ സുഹൃത്തുക്കളാണ് ഘടിപ്പിച്ചത്. കേടായ വിവരം അറിയിച്ച് നന്നാക്കണമെന്ന് പലവട്ടം പറഞ്ഞിട്ടും അത് പിന്നെയാകട്ടെ എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. സംഭവ ദിവസം സൂരജ് ഉത്രയോടൊപ്പമല്ല, ഹാളിലാണ് കിടന്നതെന്ന പ്രതിഭാഗത്തിന്റെ വാദം തെറ്റാണെന്നും വിജയസേനൻ കോടതിയിൽ പറഞ്ഞു.

സ്വർണത്തിനും മുതലിനും കുഞ്ഞിന്റെ കസ്റ്റഡിക്കും വേണ്ടിയല്ലേ പൊലീസിൽ പരാതി നൽകിയതെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന്, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കാനാണ് പരാതി നൽകിയതെന്ന് സഹോദരൻ വിഷു മൊഴി നൽകി.

ഉത്രയ്ക്ക് ഒരു വിധത്തിലുള്ള ശാരീരിത ന്യൂനതകളും ഇല്ലെന്നുള്ള ആരോപണം അച്ഛനും സഹോദരനും കോടതിയിൽ നിഷേധിച്ചു. 15ന് ഉത്രയുടെ അമ്മ മണിമേഖലയെ സാക്ഷിയായി വിചാരണ കോടതിയിൽ വിസ്തരിക്കും.