
തിരുവനന്തപുരം∙ ലോക്ക്ഡൗണിൽ തളർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആഗസ്‌റ്റിൽ സർക്കാർ പ്രഖ്യാപിച്ച 455 കോടി രൂപയുടെ വായ്‌പ ബാങ്കുകൾ നൽകുന്നില്ലെന്ന് സംരംഭകരുടെ പരാതി. സംരംഭകർക്ക് 355 കോടിയും തൊഴിലാളികൾക്ക് 100 കോടിയും നൽകുന്നതാണ് വായ്‌പാ പദ്ധതി.
2,500 ചെറുകിട സംരംഭകർക്ക് മൂന്നുലക്ഷം രൂപ വരെയും 2,500 വൻകിട സംരംഭകർക്ക് അഞ്ചുലക്ഷം മുതൽ 25 ലക്ഷം വരെയും ലഭിക്കും. തിരിച്ചടവിന് ആദ്യ ആറുമാസം മോറട്ടോറിയം കിട്ടും. ആദ്യവർഷ പലിശയുടെ പകുതി സർക്കാർ സബ്സിഡിയാണ്.
എന്നാൽ, ബാങ്കുകളെ സമീപിച്ചപ്പോൾ പദ്ധതി സംബന്ധിച്ച നിർദേശമൊന്നും കിട്ടിയില്ലെന്നായിരുന്നു മറുപടിയെന്ന് സർക്കാരിന് നൽകിയ പരാതിയിൽ സംരംഭകർ പറഞ്ഞു. തൊഴിലാളികൾക്കുള്ള 100 കോടിയുടെ വായ്പ പദ്ധതി ചിലയിടങ്ങളിൽ കേരള ബാങ്കിന്റെ സഹകരണത്തോടെ തുടങ്ങിയിട്ടുണ്ട്.