തിരുവനന്തപുരം: സുഹൃത്തിനെ ആക്രമിച്ചത് ചോദ്യം ചെയ്ത അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതികളെ കോടതി ജീവപര്യന്തം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിയ്ക്കണം. ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പേരൂർക്കട സ്വദേശി ബിജുവിനെയാണ് പ്രതികൾ കുത്തിക്കൊലപ്പെടുത്തിയത്. പേരൂർക്കട വികാസ് നഗർ ജാട്ട് വില്ലയിൽ ബാബുക്കുട്ടൻ, വട്ടിയൂർക്കാവ് നെട്ടയം പാപ്പാട് തേജസ് നഗറിൽ വിനോദ്, വട്ടിയൂർക്കാവ് പാപ്പാട് അത്താൾ വീട്ടിൽ മണികണ്ഠൻ എന്നിവരാണ് പ്രതികൾ. ബിജുവിന്റെ അയൽ വാസിയായ ഷൺമുഖനെ പ്രതികൾ കൂട്ടം ചേർന്ന് മർദ്ദിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് ബിജുവും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ തുടർച്ചയെന്നോണം 2009 ഫെബ്രുവരി 25ന് വട്ടിയൂർക്കാവ് കുലശേഖരം ശിവക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ ബിജുവിനെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയും കുത്തി വീഴ്ത്തുകയുമായിരുന്നു. ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ.ഹക്കീം, അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി. പ്രവീൺ കുമാർ എന്നിവർ ഹാജരായി.