
തിരുവനന്തപുരം : 2021 ലെ നിയമസഭ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേരുചേർക്കാനുള്ള സമയം ഈമാസം 31വരെ നീട്ടിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും 31വരെ സമർപ്പിക്കാം. ഈമാസം 16വരെയാണ് ആദ്യം സമയം അനുവദിച്ചതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ കൂടുതൽ സമയം ആവശ്യമാണെന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടമാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം കണക്കിലെടുത്താണ് തീയതി നീട്ടിയത്. നിലവിൽ 2,63,00,000 ത്തോളം പേരാണ് കരട് വോട്ടർപട്ടികയിലുള്ളത്.
2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18വയസ് പൂർത്തിയാകുന്ന അർഹർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും, നിലവിലുള്ളവർക്ക് പട്ടികയിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും.