
പാറശാല: ലോക്ക് ഡൗൺ സമയം ജനങ്ങൾക്കെല്ലാം വീർപ്പുമുട്ടലാണ് സമ്മാനിച്ചതെങ്കിലും ശീതളിന് അത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലേക്കുള്ള ചവിട്ടുപടിയായി. പെൻസിൽ മുനകളിൽ 30 ഇന്ത്യൻ ഉത്സവങ്ങളുടെ പേരുകൾ കൊത്തിയാണ് പൊഴിയൂർ പുല്ലാഞ്ഞിവിളാകം ശീതൾ ഭവനിൽ മത്സ്യത്തൊഴിലാളികളായ ശബരിയാറിന്റെയും ദേവിൾസ് മേരിയുടെയും മകളായ ശീതൾ (24) ഈ നേട്ടത്തിലെത്തിയത്.
ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങാൻ സാധിക്കാതെ വന്നതോടെയാണ് ശീതൾ
പെൻസിൽ കാർവിംഗ് പരിശീലിക്കാൻ ശ്രമിച്ചത്. സഹായിയായി അമ്മയുടെ അനുജന്റെ മകനും ഇന്ത്യ ബുക്ക് ഒഫ്
റെക്കാഡ് ജേതാവുമായ ഹാരിസണും എത്തി. ഹാരിസണിന്റെ പെൻസിൽ കാർവിംഗിലുള്ള കരവിരുതാണ് ശീതളിനും പ്രചോദനമായത്. കഠിനാദ്ധ്വാനത്തിന്റെ ഫലമായി വെറും ഏഴ് ദിവസും 30 മണിക്കൂറും കൊണ്ടാണ് ശീതൾ ഈ നേട്ടത്തിലെത്തിയത്. ബ്ലേഡും സൂചിയും ഉപയോഗിച്ചാണ് പെൻസിൽ മുനകളിൽ ചിത്രങ്ങൾ കൊത്തിയെടുത്തത്. സിനിമാതാരം മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരള പെൻസിൽ കാർവേഴ്സ് ഗ്രൂപ്പ് സമ്മാനിച്ച ഉപഹാരങ്ങളിലും ശീതളിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഭർത്താവ് ഫെബിന് വിദേശത്താണ് ജോലി. ഏക സഹോദരൻ ഷിജു ചെന്നൈയിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്.