
കാസർകോട് : മദ്രസയിലെ മുറിയിൽ വച്ച് 10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കാസർകോട് പോക്‌സോ കോടതി. കുമ്പള കോയിപ്പാടി ദേവീ നഗർ സുനാമി കോളനിയിലെ മുഹമ്മദ് റിയാസ് എന്ന റിയാസിനെ (31)യാണ് കാസർകോട് പോക്‌സോ കോടതി ജഡ്ജ് ആർ എൽ ബൈജു ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. 2015 ആഗസ്റ്റ് മൂന്നിനും അതിനു മുമ്പുള്ള ദിവസങ്ങളിലുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രതി അദ്ധ്യാപകനായി പ്രവർത്തിച്ചു വന്നിരുന്ന മദ്രസയിൽ വച്ചാണ് കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് സംശയം തോന്നിയ മാതാവാണ് വിവരം ചോദിച്ചറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടർ അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി. അന്നത്തെ രാജപുരം എസ് ഐ ആയിരുന്ന രാജീവൻ വലിയ വളപ്പിലാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.