crime

കൊല്ലം: മൺറോത്തുരുത്തിൽ ഹോംസ്റ്റേ ഉടമ വില്ലിമംഗലം നിധി പാലസിൽ മണിലാലിനെ (ലാൽ-53) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൺറോത്തുരുത്ത് നെന്മേനി തെക്കുംമുറിയിൽ തുഷാരയിൽ അശോകനെ (54) കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രണ്ട് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കൊലപാതകം നടന്ന മൺറോത്തുരുത്ത് കാനറാ ബാങ്ക് ജംഗ്ഷനിൽ ഈസ്റ്റ് കല്ലട സി.ഐ മഹേഷിന്റെ നേതൃത്വത്തിൽ അശോകനെ എത്തിച്ച് തെളിവെടുത്തു. ശക്തമായ പൊലീസ് ബന്തവസിലായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം അശോകന്റെ വീടിന്റെ പരിസരത്ത് നിന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ മൺറോത്തുരുത്ത് കനറാ ബാങ്കിന് സമീപത്തെ എൽ.ഡി.എഫ് ബൂത്ത് ഓഫീസിന് സമീപമായിരുന്നു കൊലപാതകം.

സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്നവരുടെയും തിരഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്തുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരുടെയും പ്രതി അശോകന്റെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മണിലാലിന്റെ ഭാര്യ രേണുക, മകൾ നിധി എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.