5

വർക്കല: താലൂക്കിലെ തീരപ്രദേശങ്ങൾ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്നു. മണൽത്തീരം തീരെ ഇല്ലാതാകുന്ന അവസ്ഥയാണ് ഈ മേഖലകളിൽ കണ്ടുവരുന്നത്.

മുമ്പത്തെ അവസ്ഥയല്ല തീരങ്ങൾക്ക് ഇപ്പോഴുള്ളത് കടലാക്രമണഭീഷണി നേരിടുന്ന വർക്കല തീരപ്രദേശങ്ങളിൽ കടൽഭിത്തികൾക്ക് മുകളിലൂടെ തിരകൾ ഇരച്ചെത്തി വെള്ളം കെട്ടിനിന്ന് ഉണ്ടാകുന്നതാണ് തീരദേശ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. മത്സ്യത്തൊഴിലാളികൾ ഏറെ തിങ്ങിപ്പാർക്കുന്ന ജനവാസകേന്ദ്രങ്ങളിൽ ഇത് ദുരിതം സൃഷ്ടിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. തീരത്ത് മണൽ അടിയുന്നത് പൊതുവേ ഗുണകരമാണെങ്കിലും താലൂക്കിലെ തീരങ്ങളിൽ ഇത്തരം സ്ഥലങ്ങളിൽ നിർമ്മാണങ്ങൾ നടത്തുന്നത് ദോഷകരമാകും. പാപനാശം ഹെലിപ്പാട് ബീച്ചുകളിലും കുന്നുകളിലും സ്ഥലത്തിന് രൂപവ്യത്യാസം വരുത്തുന്ന നിർമ്മാണപ്രവർത്തനങ്ങൽ ഇപ്പോഴും നടന്നുവരുന്നു. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടികൾ വേണമെന്ന പ്രകൃതി സ്നേഹികളുടെ ആവശ്യം അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ല. വിസ്തൃതമായിരുന്ന പാപനാശം തീരവും ഇന്ന് ഇല്ലാതായി മാറുകയാണ്. കുന്നുകളുടെ തകർച്ചയും പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുകയാണ്. വർക്കല തീര മേഖലകളിൽ പുലിമുട്ടുകൾ സ്ഥാപിക്കുകയോ തീര സൗഹൃദ രീതികൾ നടപ്പിലാക്കുകയോ വേണം. തീരമേഖലയിൽ അപകടാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്നതിനുള്ള സ്ഥിരം സംവിധാനം സർക്കാർതലത്തിൽ ഉണ്ടാകേണ്ടതുണ്ട്. അഞ്ചുതെങ്ങിലെ താഴംപള്ളി തീരത്ത് മണൽത്തീരം തീരെ ഇല്ലാതായ അവസ്ഥയാണ്.
താഴംപള്ളി-അഞ്ചുതെങ്ങ് ഭാഗത്ത് തീര മേഖലയോട് ചേർന്ന പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. പല വീടുകളും ഇപ്പോൾ അപകടാവസ്ഥയിലാണ്. ശക്തമായ മഴക്കാലങ്ങളിൽ കടൽവെള്ളം കുടിലുകളിലേക്ക് ഇരച്ചുകയറി നാശനഷ്ടം വരുത്തുകയും തീരം കവർന്നെടുക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇപ്പോൾ കണ്ടുവരുന്നത്. പാപനാശം കുന്നുകളുടെ അടിവാരം തിരകൾ അടിച്ചുകയറി കുന്നുകൾ തകർന്നടിയുന്നതും പതിവാണ്. തീരമേഖലയുടെ സംരക്ഷണത്തിനും ഇവിടങ്ങളിൽ അധിവസിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനും പ്രത്യേക പേക്കേജ് സർക്കാർ തലത്തിൽ ഉണ്ടാകേണ്ടതുണ്ട്.

മണൽത്തീരം ഇല്ലാതാകുന്നു

വർക്കല തീരപ്രദേശത്ത് കടലാക്രമണം കുറവാണെങ്കിലും തീരം ചെറുതായതിനാലും പുലിമുട്ടുകൾ പലയിടത്തും ഇല്ലാത്തതിനാലും വരുംവർഷങ്ങളിൽ രൂക്ഷമായ കടലേറ്റത്തിന് സാദ്ധ്യതയുണ്ടെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിദഗ്ദ്ധസമിതിയുടെ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പാരിസ്ഥിക പ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങൾ

നെടുങ്ങണ്ട, കായിക്കര, മാമ്പള്ളി, അരിവളാം, താഴെവെട്ടൂർ, റാത്തിക്കൽ, ചിലക്കൂർ, വള്ളക്കടവ്, പാപനാശം, ചിലക്കൂർ കോടി തീരം, ഏണിക്കൽ തിരുവമ്പാടി, ഓടയം തുടങ്ങിയ സ്ഥലങ്ങൾ

പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന വർക്കല തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർതലത്തിൽ ഉണ്ടാകണം. തീരദേശവാസികളുടെ അർഹിക്കുന്ന രീതിയിലുള്ള പങ്കാളിത്തവും ഇതോടൊപ്പം ഉറപ്പാക്കേണ്ടതുണ്ട്.

അഡ്വ. എസ്. കൃഷ്ണകുമാർ,ആർ.എസ് .പി. സംസ്ഥാന കമ്മിറ്റി അംഗം