flight

തളിപ്പറമ്പ: കണ്ണൂരിന്റെ പറന്നുയരാത്ത വികസന സ്വപ്നങ്ങൾക്കായി' പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിലെ ആദ്യയാത്രികരുടെ കൂട്ടായ്മ 'ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേർണി' യുടെ നേതൃത്വത്തിലാണ് എയർപോർട്ടിന്റെ രണ്ടാം വാർഷിക ദിനത്തിൽ വികസന സെമിനാർ നടത്തിയത്. എയർപോർട്ട് തുടങ്ങി രണ്ട് വർഷമായിട്ടും വിദേശവിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന്, കിയാലിന്റെ കൈവശമുള്ള അധികസ്ഥലം ഉപയോഗപ്പെടുത്തി നടത്താവുന്ന വികസന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് മസ്‌കോട്ട് ബീച്ച് റിസോർട്ടിൽ സെമിനാർ നടന്നത്

കിയാൽ മാനേജിംഗ് ഡയറക്ടർ വി. തുളസീദാസ് ഉദ്ഘാടനം ചെയ്തു. കിയാലിന്റെ ഭാവി വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസന്റേഷൻ നടത്തി. അധികഭൂമിയിൽ പാർക്കിംഗും ഡിപ്പാർച്ചർ ടെർമിനലും ബന്ധിപ്പിച്ചുള്ള 32മീറ്റർ ഉയരവും 100മീറ്റർ നീളവുമുള്ള സ്‌കൈ വാക്ക് കം ഷോപ്പിംഗ് കോംപ്ലക്സ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷൻ ആൻഡ് കൺവെൻഷർ സെന്റർ, 200മുറികളുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ, സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ആയുർവേദ സുഖചികിത്സസൗകര്യ കേന്ദ്രവും, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹാൾ സൗകര്യം, ടെർമിനലിനുള്ളിൽ ബാർ/ റസ്റ്റോറന്റ്/ ലോഞ്ച്, ബേസ്‌മെന്റിൽ റസ്റ്റോറന്റ്, ഷോപ്പിംഗ് ആർക്കേഡ്, തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കായി സംരംഭകരിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി ലാർസൻ & ടർബോയുടെ സൈറ്റ് ഓഫീസായിരുന്ന സ്ഥലത്ത് നിലവിലുള്ള ഫൗണ്ടേഷനുകൾ ഉപയോഗപ്പെടുത്തി താത്കാലിക നിർമ്മാണ പ്രവർത്തനങ്ങളിലൂടെ മലബാറിന്റെ തനത് വില്ലേജ് 'ഇന്റഗ്രേറ്റഡ് കണ്ണൂർ വില്ലേജ്' പദ്ധതിയുടെ രൂപരേഖ തയ്യാറായിട്ടുണ്ടെന്നും തുളസീദാസ് വിശദീകരിച്ചു.

മലബാറിന്റെ സംസ്‌കാരംചരിത്രംരുചി വൈവിധ്യങ്ങൾ തുടങ്ങിയവ തദ്ദേശീയർക്കും വിദേശീയരുമായ യാത്രക്കാർക്ക് അറിയാനുതകുന്ന രീതിയിലാണ് വില്ലേജിന്റെ രൂപകൽപ്പനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകുക, വൈഡ് ബോഡി എയർക്രാഫ്റ്റുകൾ ഓപ്പറേറ്റ് ചെയ്യാനനുവാദം നൽകുക, എല്ലാ ഭൂഖണ്ഡങ്ങളുമായും ബന്ധപ്പെടുത്തുക എന്നിവയാണ് ടീം ഹിസ്റ്റോറിക്കൽ ജേർണി, വേയ്ക്ക്, വാക്ക്, കെ.യു.ഡബ്ലൂ.ജെ, കണ്ണൂർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, ദിശ, പോസിറ്റീവ് കമ്മ്യൂൺ തുടങ്ങിയവ കൂട്ടായ്മകളുടെ ആവശ്യമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സി. ജയചന്ദ്രൻ സൂചിപ്പിച്ചു. മുൻ വ്യോമയാന മന്ത്രി സി.എം. ഇബ്രാഹിം ആശംസകൾ അറിയിച്ചു. അബ്ദുൾ ഖാദർ പനക്കാട്ട്, വി.പി. ഷറഫുദ്ധീൻ, എ.കെ. ഹാരിസ്, ആർ.വി. ജയദേവൻ, രവീന്ദ്രൻ, റഷീദ് കുഞ്ഞി പാറയിൽ, ആർകിടെക്ട് ടി.വി. മധുകുമാർ എന്നിവർ പങ്കെടുത്തു.