teyyam

തലശ്ശേരി: മുത്തപ്പൻ മഠപ്പുരയായ ചൊക്ലി നിടുമ്പ്രം ക്ഷേത്രത്തിൽ തെയ്യം പർഫോമിംഗ് ആൻഡ് റിസർച്ച് സെന്റർ വരുന്നതോടെ ഇവിടം അനുഷ്ഠാന കലകളുടെ ആരൂഢമാകും. 18 സെന്റ് സ്ഥലമാണ് ഇതിനായി സർക്കാറിന് കൈമാറിയിരുന്നത്. തെയ്യത്തിന്റെ ബഹുസ്വരതയെ അടയാളപ്പെടുത്തുന്നതിനും ഇതര കലകളിൽ തെയ്യത്തിന്റെ സ്വാധീനവും സാന്നിദ്ധ്യവും പഠനം നടത്തുന്നതിനാണ് സെന്റർ ലക്ഷ്യമിടുന്നത്.

ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി സഹകരിച്ച് തെയ്യത്തിന്റെ ചരിത്രപരതയും, പഠന ഗവേഷണവും നടത്താൻ സെന്ററിനെ വിപുലീകരിക്കാനും പദ്ധതിയുണ്ട്. തെയ്യത്തിന്റെ ഒരു ലിവിംഗ് മ്യൂസിയം, ഡിജിറ്റൽ മ്യൂസിയം, പെർഫോമൻസ് സെന്റർ, ഇന്റർനാഷണൽ ഇന്ററാക്ഷൻ സെന്റർ എന്നിവയാണ് വരുന്നത്.

കഥകളി, കളരിപ്പയറ്റ് തുടങ്ങിയ കേരളീയ കലാരൂപങ്ങൾ തെയ്യവുമായി താരതമ്യം ചെയ്യും. മഠപ്പുരക്ക് സമീപത്തായി കോട്ടയം രാജ വംശത്തിന്റെ പ്രധാന ആരൂഢമായ ഇല്ലിക്കൽ തറവാട് സ്ഥിതി ചെയ്യുന്നുണ്ട്. 3.5 ഏക്കറിൽ പുരാതന കേരളീയ വാസ്തു കലാചാതുരിയിൽ 160 വർഷത്തിലധികം പഴക്കമുള്ള 6500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുരാതന കൊട്ടാര സമുച്ഛയവും, അതിനോടനുബന്ധിച്ച് നാഗക്കാവും, പൊന്നാമ്പൽ കുളവും, കളിത്തട്ടും അടങ്ങിയ ഇല്ലിക്കൽ തറവാട്ടിൽ ഇന്റർനാഷണൽ ഇന്ററാക്ഷൻ സെന്റർ പ്രവർത്തിക്കും. ഇതിന് കൊട്ടാരം അവകാശികളായ ചാന്ദ്നി ഭായ്, സി.കെ. ജലജഭായി എന്നിവർ സമ്മതമറിയിച്ചിട്ടുമുണ്ട്.
ഒളവിലം പാത്തിക്കൽ പുഴയോരത്ത് വിശാലമായി പരന്ന് കിടക്കുന്ന പുറമ്പോക്ക് ഭൂമിയിൽ തെയ്യത്തിന്റേയും, ഇതര കലകളുടേയും ലിവിംഗ് മ്യൂസിയവും, ഡിജിറ്റൽ ആർക്കൈവും സ്ഥാപിക്കും. പ്രാചീനമായ ഏറ്റവും വലിയ എക്കോ ടൂറിസം കേന്ദ്രമായിരുന്നു ചൊക്ളി. ഏഷ്യയിലെ ഏറ്റവും വലിയ ചൂരൽ വിപണന കേന്ദ്രവും ജൈവ വൈവിദ്ധ്യ കേന്ദ്രവുമായിരുന്നു ചൂരൽക്കാട് എന്ന പേരിലറിയപ്പെട്ട ഈ ഗ്രാമം.

പാത്തിക്കൽ പുഴയോര പ്രദേശത്ത് നൂറ് ഏക്കർ സ്ഥലത്ത് ഇക്കോ ടൂറിസം വ്യവസായ പാർക്കും സ്ഥാപിക്കുന്നുണ്ട്. വംശീയ വിപണി, വംശീയ വൈദ്യം, കളരി കേന്ദ്രീകൃത ചികിത്സ തുടങ്ങിയവ ഇവിടെ ക്രമീകരിക്കും. ടൂറിസം, ഫോക് ടൂറിസം, റിവർ ടൂറിസം, ഐലന്റ് ടൂറിസം തുടങ്ങിയ ആകർഷകമായ സംരംഭങ്ങളും ഈ എക്കോ ടൂറിസം പാർക്കിൽ ലക്ഷ്യമിടുന്നുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നിടുമ്പ്രത്തെ തെയ്യം കലാ അക്കാദമി ഉദ്ഘാടനം ചെയ്യും. പ്രശസ്തരായ ധാരാളം കലാകാരന്മാർ അവരുടെ നാടൻ കലാശിൽപ്പങ്ങളും മറ്റും സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്ര നിർമ്മാണ കലയിൽ പ്രശസ്തനായ കണ്ണൂർ വാരം കാവുള്ള പുരയിൽ വളപ്പിൽ രതീഷാണ് ആദ്യമായി മൂന്ന് ശിൽപ്പങ്ങൾ കൈമാറിയത്. മൂന്ന് വിഭാഗങ്ങൾ കെട്ടിയാടുന്ന ബാലി തെയ്യം, പൂക്കുട്ടി ശാസ്തപ്പൻ, കുഞ്ഞാറ് കുറത്തി എന്നീ അതി മനോഹര ശിൽപ്പങ്ങളാണ് ഈ ശിൽപ്പി കാണിക്കവെക്കുന്നത്.