
മാഹി: സഹോദരങ്ങളും ഏതാനും ബന്ധുക്കളും മാത്രം സംബന്ധിച്ച ഗൃഹപ്രവേശന ചടങ്ങിൽ നോവലിസ്റ്റ് എം. മുകുന്ദൻ പറഞ്ഞു. ഇതെന്റെ പന്ത്രണ്ടാമത്തെ കൂടുമാറ്റമാണ്. മഹാനഗരങ്ങളിൽ നിന്നും പള്ളുരിലെ തനി ഗ്രാമീണതയിലേക്കുള്ള വാസം മലയാളത്തിന്റെ സാഹിത്യ തറവാടായ 'മണിയമ്പത്ത്' എന്ന പേര് തന്നെയാണ് പുതിയ വീടിനും നൽകിയിട്ടുള്ളത്.
മയ്യഴിയിൽ മുകുന്ദൻ ജനിച്ചു വളർന്ന തറവാട് വീടിനോട് ചേർന്ന് കാൽ നൂറ്റാണ്ട് മുമ്പ് പണിത വീട്ടിൽ നിന്നാണ് ഇപ്പോൾ നാല് കിലോമീറ്റർ അകലെയുള്ള പുതിയ വീട്ടിലേക്ക് താമസം മാറിയത്.
മീശ മുളക്കാത്ത പ്രായത്തിലാണ് 'വീട്' എന്ന തന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചിരുന്നത്. സ്വന്തമായി ഒരു വീടുവെക്കാനുള്ള ഒരു മനുഷ്യന്റെ ഉൽക്കടമായ ആഗ്രഹമാണ് ഈ കഥയിൽ ഇതൾ വിരിഞ്ഞത്. ദില്ലിയിൽ ഒരു വാടക വീടെങ്കിലും കിട്ടാനുള്ള തത്രപ്പാടിൽ നിന്നാണ് ഇതിലെ കഥാതന്തു പിറവിയെടുത്തത്.
നോവലുകളും, കഥാസമാഹാരങ്ങളുമൊക്കെയായി 48 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പലതും സർവകലാശാലകളിൽ പാഠ്യവിഷയങ്ങളാണ്. മുകുന്ദൻ കൃതികളെ ആധാരമാക്കിയുള്ള ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഒരു ഡസനിലേറെ പേർ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലിഷ്, ഫ്രഞ്ച്, അറബിക് തുടങ്ങിയ വിദേശഭാഷകളിലും, മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും മുകുന്ദൻ കൃതികൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ മാത്രം 58 പതിപ്പുകളിലായി രണ്ട് ലക്ഷത്തിലേറെ കോപ്പികളാണ് വിറ്റഴിഞ്ഞത്. ഒരേ സമയം പലവിധ മുഖചിത്രങ്ങളുമായി പതിനായിരം കോപ്പികൾ വീതം അച്ചടിച്ചവയാണ് കേശവന്റെ വിലാപങ്ങളും, ദൽഹി ഗാഥയും, പ്രവാസവുമൊക്കെ.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന ക്ലാസിക് നോവൽ മൂന്ന് മാസം കൊണ്ടാണ് പ്രധാനമന്ത്രിയായിരിക്കെ നരസിംഹറാവു വായിച്ച് അഭിനന്ദിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രിയായിരിക്കെ ഡൊമനിക് ദ് വിൽപേനും ഇതേ കൃതി വായിച്ച് നേരിട്ട് അഭിനന്ദിക്കുകയുണ്ടായി. മുകുന്ദൻ എഴുതിയതിനേക്കാൾ എത്രയോ ഇരട്ടി പുസ്തകങ്ങൾ മുകുന്ദനെ കുറിച്ച് മറ്റ് എഴുത്തുകാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതിത്തുടങ്ങിയ നാൾ തൊട്ട് ഇന്ന് വരെ മലയാള സാഹിത്യത്തിന്റെ ചാലകശക്തിയായി നിലയുറപ്പിക്കാൻ കഴിഞ്ഞ ഭാഗ്യവും, മഹാനായ ഈ എഴുത്തുകാരന് സ്വന്തം.
സംസ്ഥാന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ തൊട്ട്, ലോകോത്തരമായ ഷെവലിയർ പുരസ്‌ക്കാരം വരെ ദശകങ്ങൾക്ക് മുമ്പ് കരസ്ഥമാക്കിയ മലയാളത്തിന്റെ ഇദ്ദേഹത്തിന് ജീവിച്ചിരിക്കുമ്പോൾ തന്നെ രണ്ട് സംസ്ഥാന സർക്കാരുകൾ അതി മനോഹരമായ സ്മാരകങ്ങളും നിർമ്മിച്ചിട്ടുണ്ട്. 233 വർഷക്കാലം ഫ്രഞ്ച് മൂപ്പൻ സായ്പ് താമസിച്ച ബംഗ്ലാവിന്റെ വിശാലമായ പുറംചുമരിൽ, മയ്യഴിപ്പുഴ അറബിക്കടലുമായി ഇഴചേരുന്നിടത്ത്, പുഴയോര നടപ്പാതയിലും, ടാഗോർ ഉദ്യാനത്തിലും എത്തുന്ന സഞ്ചാരികളുടെ മനസ്സിൽ, ചരിത്രവും മിത്തുക്കളും കോരിയിടുന്ന മുകുന്ദൻ കഥയിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ചുമർശിൽപ്പങ്ങളായി, അനുവാചകരുടെ മനം കവരുന്നു. പുഴയ്ക്കക്കരെ കേരളക്കരയിലെ ന്യൂ മാഹിയിൽ ജില്ലാ പഞ്ചായത്ത് വിശ്വവിഖ്യാത മലയാള നോവലിസ്റ്റിന്റെ പേരിൽ വയോജനങ്ങൾക്കും, കുട്ടികൾക്കുമായി അതി മനോഹരമായ ഉദ്യാനവും പണിതിട്ടുണ്ട്.
നാല് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതകാലത്താണ് മുകുന്ദന്റെ മിക്ക കൃതികളും പിറന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട ദൽഹി ഗാഥകളും, പ്രവാസവും ദൽഹി വാസത്തിന്റെ ഒടുവിലത്തെ വർഷങ്ങളിലാണ് എഴുതിത്തുടങ്ങിയതെങ്കിലും, പൂർത്തീകരിച്ചത് മയ്യഴിയിൽ വെച്ചായിരുന്നു. തനി മയ്യഴി ഭാഷയിൽ എഴുതപ്പെട്ട 'കുട നന്നാക്കുന്ന ചോയിയും', 'നൃത്തം ചെയ്യുന്ന കടകളും ' രചിച്ചത് മയ്യഴിയിലെ വീട്ടിൽ വെച്ചായിരുന്നു. എന്നാൽ ''പുലയപ്പാട്ട് ' എഴുതിയത് അമേരിക്കൻ വാസക്കാലത്തുമാണ് '
മയ്യഴി മണമുള്ള കഥകൾ ഇനി പിറക്കുന്നത് പുതിയ വീട്ടിലായിരിക്കും.