kakkodu-paramada

കല്ലമ്പലം: മടവൂർ കക്കോട് പാറമടയിലെ കുളങ്ങളിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ശുദ്ധജല പദ്ധതി നടപ്പാക്കാമെന്ന റവന്യൂ വകുപ്പിന്റെ ശുപാർശ മൂന്ന് വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. റവന്യൂ വകുപ്പ് തന്നെ പദ്ധതി ഉപേക്ഷിച്ചതായാണ് ആക്ഷേപം.

പ്രളയം വന്നതോടെ പാറമടയിലെ ശുദ്ധജല പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിച്ചു. റവന്യൂ വകുപ്പിന്റെ കീഴിലാണ് കക്കോട് പാറമട. 15 ഏക്കറിലധികം വിസ്തീർണമുള്ള പാറമടയിലെ ഖനനം പാറ പൊട്ടിച്ചു തീർന്നതോടെ 10 വർഷം മുൻപ് നിലച്ചു. കുളങ്ങൾക്ക് 3 ഏക്കറിലധികം വിസ്തീർണം വരും. ചെറുതും വലുതുമായ 14 കുളങ്ങളാണുള്ളത്. 125 അടിയിലേറെ ആഴം ഉണ്ടാകുമെന്നാണ് അനുമാനം.

പുരാണ കഥകളിൽ പ്രസക്തി നേടിയ മടവൂർ ഗ്രാമപഞ്ചായത്തിലെ പാറമടകളിൽ അപകടങ്ങൾ പതിവായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ പഞ്ചായത്തിനായിട്ടില്ല. ശുദ്ധ ജല പദ്ധതി യാഥാർഥ്യമായാൽ അപകടങ്ങളും കുറയും. പാറമടകൾക്കെതിരെ നിരന്തരം സമരങ്ങൾ നടക്കുന്നുണ്ടെങ്കിലും രാത്രിയിൽ വരെ പാറപൊട്ടിക്കലും വിതരണവുമുണ്ട്. പരിസരത്തെ വീടുകളിൽ പാറക്കഷണങ്ങൾ തെറിച്ചു വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും ഇവിടെ നിന്നുള്ള പൊടിപടലങ്ങൾ കാരണം കുട്ടികൾക്ക് ശ്വാസകോശരോഗങ്ങൾ പിടിപെടുന്നതായും പ്രദേശവാസികൾ പറയുന്നു. പാറമട നടത്തുന്നവരുടെ നിരന്തരമായ ഭീഷണിയും ഇവർ നേരിടുന്നുണ്ട്. ശുദ്ധജല പദ്ധതിയിലൂടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. പ്രവർത്തിക്കാത്ത പാറമടകളിലെ വെള്ളക്കെട്ടിൽ വീണ് മരണപ്പെടുന്ന സംഭവം കഴിഞ്ഞ ദിവസം കരവാരം പഞ്ചായത്തിലെ നെല്ലിക്കുന്ന് പാറമടയിലും ആവർത്തിച്ചതോടെ ഇത്തരം പാറമടകളിലേക്കുള്ള വഴികൾ അടയ്ക്കുകയോ സംരക്ഷണഭിത്തി കെട്ടുകയോ ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.