elon

ഏത് വെല്ലുവിളിയിലും തകരാത്ത പ്രതീക്ഷയാണ് അന്തിമവിജയത്തിലെത്തിക്കുന്നത്. സ്പെയ്സ് എക്സിന്റെ സ്റ്റാർഷിപ്പ് പേടകത്തിന്റെ അവസാനപരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചപ്പോഴും ലോകമറിഞ്ഞത് ആ പ്രതീക്ഷയായിരുന്നു. സംഭവത്തോട് സ്പെയ്സ് എക്സിന്റെ സ്ഥാപകൻ ഇലോൺമസ്കിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു.'ചൊവ്വ, ഞങ്ങൾ ഇതാ വരുന്നു !'ഇതോടെ ഒരുകാര്യം ഉറപ്പായി. സ്പെയ്സ് എക്സിന്റെ ബഹിരാകാശ യാത്രാവാഹനം സ്റ്റാർഷിപ്പ് യാഥാർത്ഥ്യമാകുക തന്നെ ചെയ്യും.1969 ജൂലായ് 16ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതാണ് ഇത് ഒാർമ്മിപ്പിക്കുന്നത്. 1967 ജനുവരി 27നായിരുന്നു ആദ്യഅപ്പോളോ ദൗത്യം. അതിലെ മൂന്ന് യാത്രികരും വെന്തുമരിച്ചു. എന്നാൽ പിൻമാറാതെ ചന്ദ്രനിൽ ഇറങ്ങുക തന്നെ വേണമെന്ന അമേരിക്കൻപ്രസിഡന്റ് കെന്നഡിയുടെ നിശ്ചയദാർഢ്യവും പ്രതീക്ഷയുമാണ് തുടർച്ചയായി 11പരീക്ഷണങ്ങൾ നടത്തി രണ്ടുവർഷത്തിനുള്ളിൽ വിജയത്തിലെത്തിച്ചത്.

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനും ലോകത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ ബഹിരാകാശ യാത്രാസംവിധാനത്തിനുമായുള്ള സ്‌പേസ്എക്സിന്റെ പേടകമാണ് സ്റ്റാർഷിപ്പ് . ഇതിന്റെ പ്രോട്ടോടൈപ്പ് ആണ് ഡിസംബർ 9 ന് ടെക്സാസ് തീരത്ത് പരീക്ഷണ വിക്ഷേപണത്തിനിടെ തീപിടിത്തത്തിൽ തകർന്നത്. ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ചെടുക്കുന്ന റോക്കറ്റിന്റെ അവസാന പതിപ്പായിരുന്നു ഇത്. ടേക്ക് ഓഫ് മികച്ചതായിരുന്നെങ്കിലും ലാൻഡിംഗിനിടെയാണ് പൊട്ടിത്തെറിച്ചത്.

അതിവേഗത്തിലുള്ള തിരിച്ചിറക്കമാണ് ലാൻഡിംഗ് തകർച്ചയ്ക്ക് കാരണമെന്ന് ഇലോൺ മസ്ക് പറഞ്ഞു. ലാൻഡിംഗ് ബേൺ സമയത്ത് ഇന്ധന ഹെഡർ ടാങ്കിന്റെ മർദ്ദം കുറവായിരുന്നു, പക്ഷേ ആവശ്യമായ എല്ലാ ഡേറ്റയും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ഇത് ആദ്യമായാണ് സ്റ്റാർഷിപ്പ് പേടകം ഇത്രയും സമയം സഞ്ചരിക്കുന്നത്. ആറ് മിനിറ്റ് 42 സെക്കൻഡാണ് യാത്ര തുടർന്നത്. എസ് എൻ 8 (സ്റ്റാർഷിപ്പ് നമ്പർ 8) ന്റെ വലിയ മെറ്റൽ ബോഡിയും പുതിയ മൂന്ന് എൻജിനുകളും പരിശോധിക്കുന്നതിനാണ് ടെസ്റ്റ് ഫ്‌ളൈറ്റ് ആസൂത്രണം ചെയ്തത്. പേടകം ഭൂമിയിലേക്ക് മടങ്ങുമ്പോൾ ലംബമായി തന്നെ വരുന്നുണ്ട്. എന്നാൽ, അവസാന നിമിഷം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌പേസ് എക്സിന്റെ മുൻനിര ഫാൽക്കൺ 9 റോക്കറ്റിന്റെ അതേ ടെക്‌നോളജി തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്.

അടുത്ത വർഷങ്ങളിൽ തന്നെ ആളുകൾ ബഹിരാകാശത്ത് സഞ്ചരിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് മസ്‌ക് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. എസ്.എൻ. 9 പ്രോട്ടോടൈപ്പിന്റെ പരീക്ഷണം ഉടൻ തുടങ്ങും.

ആദ്യ യാത്രയിൽ നൂറോളം പേരുമായി ബഹിരാകാശത്തേക്കു കുതിക്കുന്നതാണ് മസ്‌ക് സ്വപ്നം കാണുന്നത്. ഈ യാത്രയിൽ ജപ്പാൻകാരനായ കോടീശ്വരൻ യുസാകു മാസാവായും ചില കലാകാരന്മാരും ആയിരിക്കും ആദ്യം ബഹിരാകാശ സഞ്ചാരത്തിനു പോകുന്നതെന്നാണ് കരുതുന്നത്. യാത്രയിൽ അവർ ചന്ദ്രനെ ചുറ്റി തിരിച്ചു വരും.

എന്താണ് സ്റ്റാർഷിപ്പ്?

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കാനായി തയാറാക്കുന്ന മെഗാ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ഈ ആകാശ നൗകയ്ക്ക് 164 അടി പൊക്കവും 30 അടി വ്യാസവുമാണുള്ളത്. അതായത് 16നില കെട്ടിടത്തിന്റെ ഉയരം.

സ്റ്റാർഷിപ്പിനെ, 'സൂപ്പർ ഹെവി' എന്ന പേരിലുള്ള ബൂസ്റ്റർ ഘട്ടവുമായി ഇണക്കും. ഇതു രണ്ടും കൂടെ ചേരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന റോക്കറ്റിന് 387 അടി ഉയരമുണ്ടാകും. അതായത് 40നില കെട്ടിടത്തിന്റെ ഉയരം. ഇതിന് ബഹിരാകാശത്തേക്ക് 100 ടൺ ഭാരം വഹിക്കാനാകും. ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ ജി.എസ്.എൽ.വി.മാർക്ക് ത്രീ റോക്കറ്റിന് ആറ് ടണ്ണാണ് ഭാരവാഹക ശേഷിയെന്നോർക്കണം. നാസ 50 വർഷം മുൻപ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലിറക്കിയ സാറ്റേൺ 5 റോക്കറ്റിന്റെ അത്ര ശക്തിയായിരിക്കും സ്റ്റാർഷിപ്പിനുണ്ടാകുക. ഇതു കൂടാതെ സ്റ്റാർഷിപ്പ് വീണ്ടും ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. മറ്റേതു യാത്രാ വാഹനത്തെയും പോലെ വീണ്ടും ഉപയോഗിക്കാവുന്ന ഒരു ആകാശനൗക സൃഷ്ടിക്കുക വഴി ബഹിരാകാശ സഞ്ചാരത്തിനു വേണ്ടിവരുന്ന പണം ലാഭിക്കാം.

സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചതാണ്. സ്റ്റീൽ ഉപയോഗിച്ചതിനു പ്രത്യേക കാരണങ്ങളുണ്ട്. ഇതാദ്യം ഹൈടെക് കാർബൺ ഉപയോഗിച്ചു നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് കട്ടിയുള്ള സ്റ്റീൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സ്റ്റീലാകുമ്പോൾ ചെലവു കുറയും. കൂടുതൽ എളുപ്പത്തിൽ പിടിപ്പിക്കാം. ബഹിരാകാശത്തെ കഠിന തണുപ്പിലെത്തുമ്പോൾ ശക്തി കൂടും. ഇവ കൂടാതെ സ്റ്റീലിന് ഉരുകാൻ കൂടുതൽ താപം വേണമെന്നത് തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉപകരിക്കുകയും ചെയ്യും.

സ്പെയ്സ് എക്സ്

പെയ് പാലിന്റെയും ടെസ്ല മോട്ടോഴ്സിന്റെയും സ്ഥാപകനായ ഈലോൺ മസ്‌കിന്റെ ഉടമസ്ഥതയിൽ അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശസംരംഭമാണ് സ്‌പേസ് എക്സ് (സ്‌പേസ് എക്സ്‌പ്ലോറേഷൻ ടെക്‌നോളജീസ് കോർപ്പറേഷൻ). ബഹിരാകാശ യാത്രയുടെ ചെലവുകുറയ്ക്കലും ചൊവ്വയിലേക്ക് മനുഷ്യ കുടിയേറ്റവുമാണ് ഇതിന്റെ ലക്ഷ്യങ്ങൾ. സ്‌പേസ് എക്സിന്റെ ഫാൽക്കൺ ശ്രേണിയിലുള്ള റോക്കറ്റുകൾ വിക്ഷേപണത്തിനു ശേഷം തിരിച്ച് ലാൻഡ് ചെയ്യും. അതായത് വീണ്ടും വീണ്ടും ഒരേ റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കാം. നമ്മുടെ പി.എസ്.എൽ.വി. യും ജി.എസ്. എൽ.വിയും ഒാരോ വിക്ഷേപണത്തിനും പുതിയവ ഉണ്ടാക്കി ഉപയോഗിക്കേണ്ടി വരുമെന്നോർക്കണം. 2015 ഡിസംബർ 21ന് സ്‌പേസ് എക്സ് വിക്ഷേപിച്ച റോക്കറ്റിന്റെ ആദ്യഘട്ടം, വിക്ഷേപണം നടത്തിയ സ്ഥലത്ത് തന്നെ കേടുപാടൊന്നും കൂടാതെ കുത്തനെ തിരിച്ചിറക്കി. 2016 ഏപ്രിൽ 8, ന് മറ്റൊരു പരീക്ഷണത്തിൽ ഇത്തരത്തിൽ വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ആദ്യഘട്ടം കടലിൽ നിറുത്തിയിട്ട ഒരു ഡ്രോൺ പ്ലാറ്റ്‌ഫോമിൽ കുത്തനെ തിരികെയിറക്കാനും കമ്പനിക്ക് കഴിഞ്ഞു.

ഇവരുടെ ഡ്രാഗൺ ശ്രേണി റോക്കറ്റുകൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങൾ എത്തിക്കാൻ പ്രാപ്തമായവയാണ്. 2006ൽ അന്താരാഷ്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതിന് നാസ സ്‌പേസ് എക്സുമായി കരാറിൽ ഒപ്പുവച്ചു.

ഇലോൺ മസ്ക്

സൗത്ത് ആഫ്രിക്കയിൽ ജനിച്ച കാനഡക്കാരനായ വ്യവസായിയും ശാസ്ത്രജ്ഞനും എൻജിനീയറും ആണ് ഇലോൺ മസ്‌ക്. 2012ൽ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്ടിച്ച സ്‌പേസ് എക്സ് കമ്പനിയുടെ സ്ഥാപകൻ. റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനി സ്‌പേസ് എക്സ് ആണ്. ഓപ്പൺ എ.ഐ , സോളാർ സിറ്റി , സിപ് 2 , എക്സ്.കോം എന്നീ കമ്പനികളുടെ സഹ സ്ഥാപകൻ കൂടി ആണ് ഈ മഹാ പ്രതിഭ. ഇതിനു പുറമേ ' ഹൈപ്പർ ലൂപ് ' എന്ന അതിവേഗ യാത്ര സംവിധാനം ഇദ്ദേഹം വിഭാവന ചെയ്തിട്ടുണ്ട്. ലോകത്തെ ധനികരിൽ 94-ാം സ്ഥാനക്കാരൻ.