teacher

ബാലരാമപുരം:ബാലരാമപുരം കേന്ദ്രീകരിച്ചുള്ള പാരലൽ കോളേജുകളും സ്പെഷ്യൽ ട്യൂഷൻ സെന്റെറുകളും കൊവിഡ് മഹാമാരിയെ തുടർന്ന് അടച്ചുപൂട്ടൽ ഭീഷണിയിൽ.സാമൂഹിക അകലം പാലിച്ചുള്ള കൊവിഡ് പ്രോട്ടോകോൾ നടപ്പാക്കിയതോടെ കഴിഞ്ഞ് ആറ് മാസമായി പാരലൽ കോളേജുകൾ അടച്ചിട്ടിരിക്കുകയാണ്.മിക്ക സ്ഥലങ്ങളിലും അദ്ധ്യാപകരെ വച്ച് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഇന്റെർനെറ്റ് സംവിധാനം തകരാറിലാവുന്നതിനാൽ അതും പരാജയമായി.സ്മാർട്ട് ഫോണുകൾ വാങ്ങാനുള്ള ശേഷി ഇല്ലാത്തതിനാൽ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള മിക്ക വിദ്യാർത്ഥികളും ഓൺലൈൻ പഠനവും നിർത്തി.നിലവിൽ ബാലരാമപുരത്തെ പ്രമുഖ ട്യൂഷൻ സെന്റെറുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.ബാങ്ക് വായ്പയെടുത്താണ് അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നതെന്നാണ് സ്ഥാപനമേധാവികൾ പറയുന്നത്.നിയന്ത്രണങ്ങൾ തുടർന്നാൽ പാരലൽ കോളേജുകളുടെ പ്രവർത്തനം പൂർണമായും നിലക്കുന്ന സ്ഥിതിയാണ്.കൊവിഡ് ഭീതിയെ തുടർന്ന് ട്യൂഷൻ സെന്റെറുകളിൽ വിദ്യാർത്ഥികളെ അയക്കുവാനും രക്ഷിതാക്കൾ ഭയപ്പെടുകയാണ്.പി.എസ്.സി കോച്ചിംഗ് സെന്റെറുകളുടെ അവസ്ഥയും ഇത് തന്നെയാണ്.