health

മഴയുടെയും തണുപ്പിന്റെയും കാലം വേദനകളെ വർദ്ധിപ്പിക്കും. പ്രത്യേകിച്ച്,​ കഴുത്തുവേദന. സമീപകാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡോക്ടറെ സമീപിച്ചത് കഴുത്ത് വേദനയ്ക്കുള്ള ചികിത്സതേടിയാണോ എന്നുപോലും തോന്നിപ്പോകുന്നു.

തോൾ വേദന ,പിടലി കഴപ്പ് , കൈകൾക്ക് തരിപ്പും പെരുപ്പും, തലവേദന, മുതുകിലും നെഞ്ചിന് മുകൾ ഭാഗത്തും വേദന എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ.

ചിലർക്ക് ഇത് വർദ്ധിച്ച് തലകറക്കം, ഇടയ്ക്കിടെ ഛർദ്ദിക്കാൻ തോന്നുക, കൈകളുടെ ബലക്കുറവ്, കൈമുട്ടിലെ സന്ധിയിൽ വീക്കവും വേദനയും, വിരലുകൾക്ക് പെരുപ്പ്, പെരുപ്പ് കാരണം ഉറക്കമുണരേണ്ടി വരിക,
കഴുത്ത് തിരിക്കുമ്പോൾ വേദന, വാഹനമോടിക്കുന്നതിനും പിറകിലേക്ക് നോക്കാനും പ്രയാസം, കഴുത്ത് തിരിക്കുമ്പോൾ എല്ലുകൾ ഉരയുന്ന പോലുള്ള ശബ്ദം കേൾക്കുക, ഇടയ്ക്കിടെ കഴുത്ത് പലവിധത്തിൽ ചലിപ്പിച്ചില്ലെങ്കിൽ അസ്വസ്ഥത, അപ്രകാരം കഴുത്ത് വെട്ടിച്ച് ശബ്ദമുണ്ടാക്കുമ്പോൾ കുറച്ച് സമയത്തേക്ക് ആശ്വാസം തോന്നുക തുടങ്ങിയവയാണ് കഴുത്തുവേദനയുടെ അനുബന്ധ ബുദ്ധിമുട്ടുകൾ.

പെട്ടെന്ന് ഇത്തരം ബുദ്ധിമുട്ടുകൾ തോന്നുന്നവരുടെ കാര്യത്തിൽ കൃത്യമായ രോഗനിർണയം ആവശ്യമാണ്. എന്നാൽ, സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരിൽ വേദനാസംഹാരികൾ ഉൾപ്പെടെ കഴിക്കുന്നവരുമുണ്ട്. ഇത്തരം ചികിത്സ കൊണ്ട് താൽക്കാലിക ആശ്വാസമല്ലാതെ സ്ഥിരമായ ശമനം പ്രതീക്ഷിക്കേണ്ട.

അതിനാൽ,​ രോഗിനേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെ? ശരിയായ രോഗനിർണയം നടത്തിയിട്ടുണ്ടോ?എത്രനാൾ വരെ ചികിത്സ തുടരേണ്ടതുണ്ട്? എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടറും രോഗിയും കൂടി തുടക്കത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.

ആധുനിക ജീവിത രീതി വളരെ വലിയ മാറ്റങ്ങളാണ് മാംസപേശികൾക്കും അസ്ഥികൾക്കും ഉണ്ടാക്കിയിട്ടുള്ളത്. അവയുടെ ബലം കുറഞ്ഞതോടെ രോഗം ഉണ്ടാക്കാൻ അനുകൂലമായി പ്രവർത്തിക്കുന്നു. തണുപ്പ് കൂടിയാകുമ്പോൾ അവ വർദ്ധിക്കുന്നു. ഇക്കാലത്ത് തലയിലും തോളിലും വച്ചുള്ള ചുമടെടുപ്പ്‌ തീരെ ഇല്ലെന്നുതന്നെ പറയാം. അതിനാലാണ് കഴുത്തിന്റേയും തോളിന്റേയും മാംസപേശികളുടെ ആരോഗ്യം തീരെ കുറഞ്ഞു പോയത്.

സ്ഥിരമായ തുമ്മൽ, തലനീരിറക്കം, രാത്രികുളി, തണുത്ത വെള്ളത്തിലെ കുളി, രാത്രിയിൽ വളരെ താമസിച്ചുള്ള ഭക്ഷണം, എ.സിയുടെ അമിതമായ ഉപയോഗം, ശരിയായ രീതിയിലല്ലാത്ത കിടത്തവും ഉറക്കവും, വലിയ തലയിണവച്ചോ,പകരം കൈ തലയ്ക്കു വെച്ചോ കിടക്കുന്നത്, കട്ടിലിന്റെ പടിയിലോ, സോഫയുടെ കയ്യിലോ തല വച്ച് കിടക്കുന്നത്, ദിവാൻ കോട്ടിന്റെ ഉരുണ്ട തലയിണയിൽ തലവച്ച് കിടക്കുന്നത്, കിടന്ന് കൊണ്ട് ടി.വി കാണുകയും മൊബൈൽ ഫോൺ നോക്കുകയും ചെയ്യുന്നത്, കിടന്നുള്ള വായന, തലയിൽ ഒരിടത്ത് തന്നെ ഏൽക്കുന്ന ഫാനിന്റെയും എസിയുടെയും തണുപ്പ് ,സൈനസൈറ്റിസ്, സന്ധികളെ ആശ്രയിക്കുന്ന രോഗങ്ങൾ പ്രത്യേകിച്ച് നടുവേദന എന്നിങ്ങനെയുള്ള കാര്യങ്ങൾ കഴുത്തിന് പ്രയാസം ഉണ്ടാക്കുകയും

ക്രമേണ കഴുത്തിന് വേദനയും തേയ്മാനവും ഉണ്ടാക്കുകയും ചെയ്യുന്നു.

ഇത്തരം അവസ്ഥകൾ ഇടയ്ക്കിടെ ആവർത്തിക്കുകയോ, യഥാസമയം ചികിത്സിക്കാതെ ഉപേക്ഷിക്കപ്പെടുകയോ, കുറെയൊക്കെ സഹിച്ച് മുന്നോട്ടു പോകാം എന്ന് തീരുമാനിക്കുകയോ ചെയ്താൽ നേരത്തെ പറഞ്ഞ ലക്ഷണങ്ങളിൽ പലതും ഒന്നിനുപുറകെ ഒന്നായി ഒരുമിച്ച് ഉണ്ടാകുകയും ചികിത്സിച്ചാലും പൂർണമായി ഭേദമാകാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

ജോലിയുടെ സ്വഭാവം, അസുഖത്തിന്റെ തീവ്രത, അപ്രതീക്ഷിതമായ ചലനം ,ചെറുതായി വീഴുകയോ മറ്റോ ചെയ്താൽ പോലും കഴുത്തിൽ വർദ്ധിക്കുന്ന വീക്കം എന്നിവകൊണ്ട് കഴുത്തിലെ കശേരുക്കൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ

തലവേദനക്കൊപ്പം തലകറക്കവും ഉണ്ടാക്കും.

ഈ സമയത്ത് 'എന്തോ വലിയ കുഴപ്പമുണ്ടാകാൻ പോകുന്നു 'എന്ന തോന്നൽ കാരണം കണ്ണിൽ ഇരുട്ട് കയറും. കൂടാതെ,​ വെപ്രാളമുണ്ടാകുക, വീഴുമെന്ന് തോന്നുക, രക്തസമ്മർദ്ദം വർദ്ധിക്കുക, ഉറക്കം നഷ്ടപ്പെടുക, വളരെ ക്ഷീണം അനുഭവപ്പെടുക, പകൽ പോലും കണ്ണ് തുറന്ന് ഉന്മേഷത്തോടെയിരിക്കാൻ പ്രയാസപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്.

രക്ത പരിശോധന, എക്സ് റേ, എം.ആർ.ഐ തുടങ്ങിയവ രോഗത്തിന്റെ തീവ്രത മനസ്സിലാക്കാൻ സഹായിക്കും. രോഗത്തിന്റെ ഇടവിട്ടുള്ള വർദ്ധന കാരണം ഇവയൊക്കെ ഇടയ്ക്കിടെ പരിശോധിക്കണമെന്ന് രോഗികൾ തന്നെ ശാഠ്യം പിടിക്കാറുണ്ട്. അതിന്റെ ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം.

നമ്മുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയെ വളരെയേറെ കുറച്ചു കളയുന്ന ഒരു അവസ്ഥയാണ് കഴുത്ത് വേദനയോടെ ആരംഭിക്കുന്നതെന്ന് മനസ്സിലാക്കി തുടക്കത്തിലേ തന്നെ ശരിയായ ചികിത്സ ചെയ്യാൻ ശ്രദ്ധിക്കണം.

ഏറ്റവും ഫലപ്രദമായതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ആയുർവേദ ചികിത്സയാണ് ഉത്തമം. പഞ്ചകർമ്മചികിത്സയിലുൽപ്പെട്ട മൂക്കിലൂടെ മരുന്നൊഴിക്കുന്ന രീതിയായ നസ്യം ഇതിന് വളരെ പ്രയോജനം ചെയ്യും. നസ്യത്തിന് മുന്നോടിയായി മരുന്നുകൾ കഴിപ്പിക്കുന്നതിനൊപ്പം പുറമ്പട, തൈലം പുരട്ടുക, കിഴിവയ്ക്കുക എന്നീ ചികിത്സകളും ആവശ്യമായി വരും.

തൈലമിട്ടും അല്ലാതെയും കഴുത്തിനെ വട്ടം കറക്കിയും വെട്ടിച്ചും തടവുന്ന വ്യാജ ചികിത്സകരും ബാർബർമാരുമുണ്ട്.മസാജ് സെൻററുകളിലും ഈ വിധമുള്ള പണികൾക്ക് ആൾക്കാർ എത്താറുണ്ട്. വളരെ അപകടം പിടിച്ച ഒരു രീതിയാണിത്. അത്തരം ആൾക്കാർക്ക് മുന്നിൽ രോഗികൾ പോയി ഇരുന്നു കൊടുക്കരുത്. കാര്യങ്ങളറിഞ്ഞ് ചികിത്സിക്കാനുള്ള വിവേകമുണ്ടാകണം.