
തിരുവനന്തപുരം: സി.പി.എമ്മും സർക്കാരും പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ അവരെ വെള്ളപൂശുന്ന റിപ്പോർട്ട് നൽകുന്ന ദൗത്യമാണ് സംസ്ഥാന അന്വേഷണ ഏജൻസികൾ നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
വധ ഭീഷണിയെന്ന് സ്വപ്ന കോടതിയിൽ നൽകിയ മൊഴിയിൽ കഴമ്പില്ലെന്ന ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട് അതിന് ഒടുവിലത്തെ ഉദാഹരണമാണ്. ജീവൻ അപകടത്തിലാണെന്ന് സ്വപ്ന കോടതിയെ ബോദ്ധ്യപ്പെടുത്തിയതിനെ നിസ്സാരമായി കാണാനാവില്ല. നേരത്തേ, സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത് വന്നപ്പോഴും സമാനമായ നിലപാടാണ് ജയിൽവകുപ്പ് സ്വീകരിച്ചത്. അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തേണ്ട പൊലീസാകട്ടെ കേസ് അട്ടിമറിക്കുന്നു. സാങ്കേതിക സഹായത്തോടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദസന്ദേശത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ശബ്ദസന്ദേശം പുറത്തുവന്നതിലും വധഭീഷണിയുമായി ബന്ധപ്പെട്ടും ശരിയായി അന്വേഷിച്ചാൽ കുടുങ്ങുന്നത് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളുമാകും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസികൾ ഒളിച്ചുകളിക്കുകയാണ്. സ്വപ്ന വ്യാജസർട്ടിഫിക്കറ്റുപയോഗിച്ച് സർക്കാർ ജോലി നേടിയ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. സെക്രട്ടേറിയറ്റിലെ ഫയൽ കത്തിയ സംഭവത്തിലും അസ്വാഭാവികതയില്ലെന്നാണ് പൊലീസ് കണ്ടുപിടിച്ചത്. എന്നാൽ, ഷോർട്ട് സർക്യൂട്ടെന്ന പൊലീസിന്റെ വാദഗതികളെ അപ്പാടെ നിഷേധിക്കുന്ന റിപ്പോർട്ടാണ് ഫോറൻസിക് വകുപ്പ് കോടതിയിൽ സമർപ്പിച്ചത്.