പാലോട്: ഒരു പ്രദേശത്തിന്റെ ആകെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന ഉറപ്പിൽ 1990 - 1995 കാലഘട്ടത്തിൽ തുടങ്ങിയ കുടിവെള്ള പദ്ധതി 2020 ആയിട്ടും പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമേകുന്നില്ല. കൃഷി ആവശ്യത്തിനും നീന്തൽ പരീശീലത്തിനും ഉപയോഗിച്ചിരുന്ന ക്ഷേത്രക്കുളമാണ് പദ്ധതിയാക്കായി വിനിയോഗിച്ചത്. നിലവിൽ നന്ദിയോട് പഞ്ചായത്തിലെ ചെക്കാലക്കോണം ഹരിജൻ കോളനിയിലെ നിർദ്ധനരായ കുടുംബങ്ങൾ കിലോമീറ്ററുകൾ കാൽനടയായി നടന്നാണ് കുടിവെള്ളം ശേഖരിച്ച് ദിനംപ്രതിയുള്ള ആവശ്യങ്ങൾ നടത്തുന്നത്. 1990-1995ൽ കുടിവെെള്ളത്തിനാൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിട്ട് പച്ച ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള കുളത്തിൽ പമ്പ് സ്ഥാപിച്ച് ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഇവിടെ എത്തിക്കാനായുള്ള പദ്ധതി പകുതി വഴിയിൽ ഉപേക്ഷിച്ചതും തിരിച്ചടിയായി. അന്ന് സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്ത് പമ്പും ടാങ്കും സ്ഥാപിച്ചെങ്കിലും ക്രമേണ രണ്ടും അപ്രത്യക്ഷമായി. 2015 - 2016ൽ കുടിവെള്ളത്തിനായ് നാട്ടുകാരുടെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് 21ലക്ഷം രൂപ അനുവദിച്ച് വീണ്ടും കുടിവെള്ള പദ്ധതിക്ക് ജീവൻ വയ്പിച്ചു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് വീണ്ടും പദ്ധതി നിശ്ഛലമായി. ഈ കുളത്തിനുള്ളിൽ 15 അടി താഴ്ചയിൽ കിണർ ഉറ ഇറക്കി പമ്പ് സ്ഥാപിച്ചാണ് ടാങ്കിലേക്ക് ജലമെത്തിക്കുന്നത്. കിണറിനകത്തെ വെള്ളം പുറത്തേക്കോ പുറത്തെ വെള്ളം കിണറിനകത്തേക്കോ കടക്കാൻ പാടില്ല എന്ന് പദ്ധതിയുടെ എഗ്രിമെന്റിൽ പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിലും അതും നടപ്പിലായില്ല. കുളത്തിലെ ചെളി മാറ്റാത്തതിനാൽ ചെളിവെള്ളമാണ് ടാങ്കിലെത്തുന്നത്. കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനും, ഈ പ്രദേശത്തെ കൃഷിക്കാർക്കും പ്രധാന ആശ്രയമായ കുളം ഈ കുടിവെള്ള പദ്ധതിയോടെ ഉപയോഗിക്കാൻ കഴിയാതായി. കുടിവെള്ളത്തിനായ് പുനർനിർമ്മിച്ച കുളത്തിൽ നാട്ടിലെ കുട്ടികൾ കുളിക്കാനിറക്കുന്നു എന്ന കാരണത്താൽ വീണ്ടും 7 ലക്ഷം കൂടി ചിലവഴിച്ച് ഫെൻസിംഗ് സ്ഥാപിച്ചു. 27 ലക്ഷം ചിലവഴിച്ചെങ്കിലും ഉദ്ഘാടനം നടത്തുന്നതിനു മുൻപ് തന്നെ കുളത്തിൽ സ്ഥാപിച്ച പമ്പ് കേടായി. തുടർന്ന് പുതിയ പമ്പ് വാങ്ങാൻ പദ്ധതിയിട്ടെങ്കിലും ഒഡിറ്റ് ഒബ്ജഷൻ ഉണ്ടാകുമെന്ന് എ.ഇ അറിയിച്ചതിനാൽ നന്ദിയോട് പഞ്ചായത്ത് പമ്പ് നന്നാക്കാനായി 60,000 രൂപ കൂടി അനുവദിച്ചെങ്കിലും അശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് പമ്പ് സ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയാണ്.