thottakkadu-shashi-sandha

കല്ലമ്പലം:കടമ്പാട്ടുകോണത്തെ ഉടയൻകാവ് തമ്പുരാൻ ശ്രീ ഭൂതത്താൻ കരിങ്കാളി ദേവീക്ഷേത്രം ഒരു സംഘം ആക്രമിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം. ചെമ്മരുതിയിൽ ഒരു ബി.ജെ.പി പ്രവർത്തകനെ കഴിഞ്ഞദിവസം ഒരു സംഘം ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചതിനു പിന്നാലെയാണ് കടമ്പാട്ടുകോണത്തും അക്രമം അഴിച്ചുവിട്ടത്. പ്രദേശത്തെ ഉടയൻ തമ്പുരാൻ ക്ഷേത്രം അടിച്ചു തകർക്കുകയും അക്രമം എതിർത്ത ക്ഷേത്രം ശാന്തിക്കാരനെ മർദ്ദിച്ച് അവശനാക്കുകയുമാണ് ചെയ്തത്.ഗുരുതരമായി പരിക്കേറ്റ ക്ഷേത്ര മേൽശാന്തി ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രത്തിലെ പൂജാസാമഗ്രികളും ഭജന മഠവും കാണിക്കവഞ്ചിയും തകർത്ത ആക്രമികൾ അയ്യപ്പ സ്വാമിയുടെ ചിത്രവും അടിച്ചു തകർത്തു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സ്ഥലം സന്ദർശിച്ച ബി.ജെ.പി സംസ്ഥാന സമിതിയംഗം തോട്ടയ്ക്കാട് ശശി പറഞ്ഞു.