
പത്തു ജില്ലകളിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിൽ ജനങ്ങൾക്കുണ്ടാകുന്ന ആശ്വാസം ചെറുതല്ല. ശേഷിക്കുന്ന നാലു ജില്ലകളിൽ തിങ്കളാഴ്ചാണ് വോട്ടെടുപ്പ്. വോട്ടെടുപ്പു ദിനം വരെ ജനങ്ങൾക്കായി എന്തു ചെയ്യാനും തയ്യാറാകുന്നവർ വോട്ടെടുപ്പ് കഴിയുന്നതോടെ അവരെ പാടേ മറക്കുന്ന സ്വഭാവക്കാരായി മാറുമെന്ന പരാതി പൊതുവേയുണ്ട്. വാസ്തവം കുറച്ചൊക്കെ ഉണ്ടെങ്കിലും ഭൂരിപക്ഷം പേരും സാധാരണക്കാരുടെ ആവശ്യങ്ങൾക്കും ആവലാതികൾക്കും ചെവികൊടുക്കുന്നവർ തന്നെയാകും. അടുത്ത തിരഞ്ഞെടുപ്പിലും ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാൽ അവരെ പിണക്കുന്നതു സ്വന്തം കുഴിതോണ്ടുന്നതിനു തുല്യമാണെന്ന് അവർക്കു നല്ലപോലെ അറിയാം.
പത്തു ജില്ലകളിൽ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ പ്രദേശവാസികൾ നേരിടുന്ന വലിയൊരു ഭീഷണി അതേപടി നിലനിൽക്കുകയാണ്. സകല വാർഡുകളിലും വിവിധ പാർട്ടികളുടെ പ്രചാരണ സാമഗ്രികൾ അനാഥമായി കിടപ്പുണ്ട്. വോട്ടെടുപ്പ് കഴിയുമ്പോൾ അതാതു പാർട്ടികൾ അവയൊക്കെ വാരിമാറ്റുമെന്നു പ്രതീക്ഷിച്ചവർക്കു തെറ്റി. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെയാണ് നാടും നഗരവും ഇപ്പോൾ. എവിടെയും റോഡിനിരുവശവും തൂങ്ങിയാടുന്ന പോസ്റ്ററുകൾ. മുക്കിലും മൂലയിലും വമ്പൻ ഫ്ളക്സ് ബോർഡുകൾ ഏതു സമയത്തും താഴെ വീഴാവുന്ന നിലയിൽ. മതിലുകളിലും ചുവരുകളിലും സ്ഥാനാർത്ഥികളുടെ ആകർഷകമായ പോസ്റ്ററുകൾ. വോട്ടടുപ്പു കഴിഞ്ഞാൽ ഇതൊക്കെ നീക്കം ചെയ്യാൻ സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും ബാധകമായ ചട്ടം വല്ലതുമുണ്ടോ എന്നു നിശ്ചയമില്ല. ചട്ടമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രചാരണ സാമഗ്രികൾ പൊതുസ്ഥലങ്ങളിൽ നിന്നു മാറ്റാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ മുന്നോട്ടുവരേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് അതിനു അധികാരമില്ലെങ്കിൽ നഗരസഭകളും പഞ്ചായത്തുകളും ചുമതല ഏറ്റെടുക്കണം. തിരുവനന്തപുരം നഗരസഭ ഈ ദൗത്യം ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി വാർത്ത കണ്ടു. പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്നു കാണിച്ച് നോട്ടീസ് പുറപ്പെടുവിക്കും. ആരും മുന്നോട്ടുവന്നില്ലെങ്കിൽ കോർപ്പറേഷന്റെ തൊഴിലാളികളെ വിട്ട് എല്ലാം അഴിച്ചുമാറ്റും. ഇതിനു വേണ്ടിവരുന്ന ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും. ഈ മാതൃക മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും സ്വീകരിക്കാവുന്നതാണ്. നഗരമായാലും നാട്ടിൻപുറമായാലും പൊതു ഇടങ്ങൾ വൃത്തിയായും വെടിപ്പായും നിലനിറുത്തേണ്ടത് സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യമാണ്. മത്സരരംഗത്തുണ്ടായിരുന്ന രാഷ്ട്രീയ കക്ഷികൾ ആരും ആവശ്യപ്പെടാതെ തന്നെ ആ ദൗത്യം ഇതിനകം ഏറ്റെടുക്കേണ്ടതായിരുന്നു. ശുചിത്വ നഗരത്തെക്കുറിച്ചും സുന്ദര നഗരത്തെക്കുറിച്ചും നഗരവാസികളെ സദാ ബോധവത്കരിക്കാറുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ തിരഞ്ഞെടുപ്പിനു ശേഷമുള്ള നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മുഖമൊന്നു കാണേണ്ടതാണ്. റോഡിനിരുവശങ്ങളിലും തൂങ്ങിയാടുന്ന പോസ്റ്ററുകളും വാഹനയാത്രക്കാർക്കു അലോസരമുണ്ടാക്കും വിധം സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ബോർഡുകളും പലേടത്തും കാണാം. ഉത്തരവാദിത്വബോധവും ശുചിത്വ വിഷയത്തിൽ തെല്ലെങ്കിലും താത്പര്യവും ഉണ്ടായിരുന്നുവെങ്കിൽ വോട്ടെടുപ്പിന്റെ അടുത്ത ദിവസമെങ്കിലും അവ നീക്കം ചെയ്യാൻ മുന്നിട്ടിറങ്ങുമായിരുന്നു. പരിസര ശുചീകരണത്തിൽ തങ്ങളുടെ പ്രതിബദ്ധത നാട്ടാരെ ബോദ്ധ്യപ്പെടുത്താനുള്ള അവസരം കൂടിയാണിതെന്ന കാര്യം എന്തേ അവർ ഓർക്കാതെ പോയത്. വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മുക്കും മൂലയും വരെ പ്രചാരണ സാമഗ്രികൾ കൊണ്ടു നിറയ്ക്കാൻ അത്യുത്സാഹം കാണിക്കുന്ന കക്ഷികളും അവരുടെ പ്രവർത്തകരും വോട്ടെടുപ്പ് കഴിയുന്നതോടെ അപ്രത്യക്ഷരാകുന്നതിനു പിന്നിൽ ഇനിയൊക്കെ നിങ്ങളായി, നിങ്ങളുടെ പാടായി എന്ന വിചാരമാണു ദൃശ്യമാകുന്നത്. ഇക്കാര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്കു ഇക്കുറി ആദ്യമായി മത്സരിച്ച തിരുവനന്തപുരം വികസന മുന്നേറ്റം പ്രവർത്തകർ ഉത്തമ മാതൃക കാഴ്ചവച്ചതും ശ്രദ്ധേയമായി. മത്സരിച്ച 14 വാർഡുകളിലും തങ്ങളുടെ പ്രചാരണ സാമഗ്രികൾ ഇതിനകം അവർ നീക്കം ചെയ്തിട്ടുണ്ട്. മുൻനിര പാർട്ടികളാണ് ഇക്കാര്യത്തിൽ തീരെ ഉദാസീനത കാണിക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർക്കശമാക്കിയിട്ടും പ്രചാരണ രംഗത്ത് പണത്തിന്റെ കുത്തൊഴുക്ക് വളരെയധികം പ്രകടമായ തിരഞ്ഞെടുപ്പാണ് കടന്നുപോകുന്നത്. സ്ഥാനാർത്ഥിയുടെ ചെലവിന് പരിധി നിർണയിച്ചിരുന്നുവെങ്കിലും കടലാസിൽ മാത്രം അത് ഒതുങ്ങിയെന്ന് അറിയാത്തവർ ആരുമില്ല. തിരഞ്ഞെടുപ്പിന്റെ ചുമതലക്കാരും എല്ലാം കണ്ടിട്ടും കണ്ണടയ്ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളും വീഥികളും അമിതമായി പ്രചാരണ സാമഗ്രികൾ കൊണ്ട് നിറയ്ക്കുന്നതു തടയാൻ ചട്ടങ്ങൾ കർശനമാക്കണം. അതുപോലെ തങ്ങളുടെ പോസ്റ്ററുകളും ബോർഡുകളും വോട്ടെടുപ്പ് കഴിഞ്ഞാലുടൻ നീക്കം ചെയ്യേണ്ടത് സ്ഥാനാർത്ഥികളുടെയും അവർ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെയും ഉത്തരവാദിത്വവുമാക്കണം. നിലവിൽ അതിനു ചട്ടമില്ലെങ്കിൽ പുതുതായി കൊണ്ടുവരണം. നിരോധിത വസ്തുക്കൾ പ്രചാരണ രംഗത്ത് കർക്കശമായി തടയുകയും വേണം. വോട്ടെടുപ്പ് ദിനം ബൂത്തുകൾക്കു സമീപം ദീർഘദൂരത്തിൽ പോസ്റ്ററുകൾ കൊരുത്ത് കെട്ടുന്ന ചരടുകൾ വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ്. വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടനെ അവ അഴിച്ചുമാറ്റുമെന്ന് ബന്ധപ്പെട്ടവരിൽ നിന്ന് മുൻകൂട്ടി ഉറപ്പുവാങ്ങേണ്ടതാണ്. ഇത്തരം തൊങ്ങലുകൾ പൊട്ടി റോഡിൽ വീണു അപകടങ്ങളുണ്ടാകുന്നതും അപൂർവമല്ല. നിസ്സാരമായി തോന്നാമെങ്കിലും അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ട ഗൗരവമേറിയ കാര്യങ്ങളാണിതൊക്കെ. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ രാഷ്ട്രീയ കക്ഷികൾക്ക് അധികാര സ്ഥാനങ്ങൾ തന്നെ വേണമെന്നില്ല. അധികാരത്തിൽ കയറാതെയും സേവനമാകാം. പൊതുസ്ഥലങ്ങളിൽ തങ്ങൾ സൃഷ്ടിച്ച മാലിന്യങ്ങൾ നീക്കാൻ അവരവർ തന്നെ മുന്നോട്ടുവരുന്നതാകും ഏറ്റവും ഉചിതം.