vadavoorkonam

മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിലെ ഗോവിന്ദമംഗലം, ബ്ലോക്ക് ഓഫീസ് വാർഡുകളിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമില്ല. വാർഡുതല കുടിവെള്ള പദ്ധതിയുടെ ഭാഗമായി പമ്പ് ഹൗസും വാട്ടർ ടാങ്കും നിർമ്മിച്ച് വീടുകളിലേക്ക് പൈപ്പ് കണക്ഷനുകൾ നൽകിയിട്ടുണ്ട്. എന്നാൽ നാളുകളേറെ പിന്നിട്ടിട്ടും പമ്പ് ഹൗസിന്റെ പ്രവർത്തനം ആരംഭിക്കാത്തതാണ് ജനങ്ങൾക്ക് തിരിച്ചടിയാകുന്നത്. വടവൂർക്കോണം കുളത്തിൽ പമ്പ് ഹൗസും പ്ലാവിളയിൽ വാട്ടർടാങ്കുമാണ് സ്ഥാപിച്ചത്. കുടിവെള്ളം നൽകുന്നതിനായി 150 വീടുകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും മറ്റ് നടപടികൾ കടലാസിലൊതുങ്ങി. മാറി വരുന്ന പ‌ഞ്ചായത്ത് ഭരണസമിതികളും തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് വാഗ്ദാനം നൽകാറുണ്ടെങ്കിലും എല്ലാം ജലരേഖയായി മാറുന്നുവെന്നാണ് ജനങ്ങളുടെ പരാതി. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ബദൽ സംവിധാനങ്ങൾ എർപ്പെടുത്താനും അധികൃതർ തയ്യാറാകാത്തതിനാൽ പ്രദേശത്ത് പ്രതിഷേധവും ശക്തമാണ്. ഇനിയും അവഗണന തുടരുകയാണെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനാണ് ജനങ്ങളുടെ തീരുമാനം.

പ്രയോജനം 300 കുടുംബങ്ങൾക്ക്

പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ ഗോവിന്ദമംഗലം, ബ്ലോക്കാഫീസ് വാർഡുകളിലെ 300 കുടുംബങ്ങൾക്ക് വെള്ളം നൽകുന്നതോടൊപ്പം സമീപത്തെ വാർഡുകളിലുള്ളവർക്കും ഗുണമുണ്ടാകുമായിരുന്നു. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഇപ്പോൾ ഏറെ ബുദ്ധിമുട്ടുന്നത്. മറ്റ് സ്ഥലങ്ങളിലെ പൈപ്പുകളിൽ നിന്നും കിണറുകൾ ഉള്ള വീടുകളിൽ നിന്നുമാണ് ഇവിടത്തുകാർ കുടിവെള്ളം എടുക്കുന്നത്.

ചെലവ് ഇനിയുമേറെ

വടവൂർക്കോണം കുളം നിലവിൽ ഉപയോഗയോഗ്യമല്ലാത്തതിനാൽ കുളം നവീകരണം ഉൾപ്പെടെ ലക്ഷങ്ങൾ വിനിയോഗിച്ചാലേ പദ്ധതി പ്രവർത്തനമാരംഭിക്കാൻ സാധിക്കൂ. 2007ലാണ് പമ്പ് ഹൗസും വാട്ടർ ടാങ്കും 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ചത്. വടവൂർക്കോണത്തെ പമ്പ് ഹൗസ് പ്രവർത്തനം ആരംഭിക്കാത്ത പക്ഷം രണ്ട് വാർഡുകളിൽ ഉൾപ്പെട്ടവർ സംയുക്തമായി സമരപരിപാടികൾക്ക് രൂപം നൽകാനൊരുങ്ങുകയാണ്.