
വക്കം: അഞ്ച് റോഡുകൾ ഒത്തുചേരുന്ന മണനാക്ക് ജംഗ്ഷന് സമഗ്ര വികസനം നടപ്പിലാക്കണമെന്നാവശ്യം ശക്തം. വക്കം, കടയ്ക്കാവൂർ, മണമ്പൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് മണനാക്ക്.
വർക്കല, ആലംകോട്, ആറ്റിങ്ങൽ, കടയ്ക്കാവൂർ, കായൽവാരം എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളുടെ ഒത്ത് ചേരൽ മണനാക്ക് ജംഗ്ഷനെ വീർപ്പ് മുട്ടിക്കുന്നു. ഇടുങ്ങിയ ഈ വഴിയിലൂടെ വാഹനങ്ങൾ ഒരുമിച്ച് വരികയും പോവുകയും ചെയ്താൽ എല്ലാ റോഡുകളും ബ്ലോക്കാവുന്ന നിലയിലാണിപ്പോഴത്തെ പരിഷ്കാരം. ഇത് മാറണമെന്നാണ് മണനാക്കുകാരുടെ ആവശ്യം.
റോഡുകൾ വീതി കൂട്ടുന്നത് മുതൽ വാഹനങ്ങളുടെ ഗതി മാറ്റുന്നത് വരെ ഇവിടെ ചർച്ചയാണ്. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കടയ്ക്കാവൂരിലേക്ക് പോകാൻ നിലവിലെ നില തുടരുകയും, കടയ്ക്കാവൂരിൽ നിന്ന് ആറ്റിങ്ങലിലേക്കുള്ള വാഹനങ്ങൾ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞുള്ള ഭാഗത്ത് കൂടി തിരിഞ്ഞ് പോവുകയും ചെയ്താൽ ഗതാഗതക്കുരുക്കിന് കുറച്ച് ശമനം കിട്ടും. ഓട്ടോ, ടാക്സി, പിക്കപ്പ് വാനുകൾ എന്നിവയ്ക്ക് പുതിയ സ്റ്റാൻഡുകളും കണ്ടെത്തിയാൽ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം
റോഡ് വീതി കൂട്ടുന്നത് സമീപ ഭാവിയിൽ ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഇവിടെ ഒത്തുചേരുന്ന റോഡുകൾ
വർക്കല, ആലംകോട്, ആറ്റിങ്ങൽ, കടയ്ക്കാവൂർ, കായൽവാരം റോഡുകൾ
കാത്തിരിപ്പ് കേന്ദ്രമില്ല
മൂന്ന് പഞ്ചായത്തുകൾ ഉണ്ടെങ്കിലും ഒരിടത്ത് പോലും കാത്തിരിപ്പ് കേന്ദ്രമില്ലെന്നുള്ളത് ശ്രദ്ധേയം. വർക്കല - ആലംകോട് ഭാഗത്തെ റോഡിലെ ബസ് സ്റ്റോപ്പിന് സമീപത്തെ പൊതുകിണർ നിൽക്കുന്നതിന് സമീപം കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ വേണ്ടത്ര സ്ഥലവുമുണ്ട്. ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.