political

തിരുവനന്തപുരം: പത്ത് ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പോളിംഗിലെ ഏറ്റക്കുറച്ചിൽ പ്രതീക്ഷയ്‌ക്കൊപ്പം ആശങ്കയും മുന്നണികളിൽ കോറിയിടുകയാണ്. അതിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഇവിടത്തെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. നാളെയാണ് നിശബ്ദപ്രചാരണം.

തിരഞ്ഞെടുപ്പിനൊപ്പം രാഷ്ട്രീയ വിവാദങ്ങളും സംസ്ഥാനത്ത് പെയ്തിറങ്ങുകയാണ്. സ്‌പീക്കർ പി. ശ്രീരാമകൃഷ്ണനെ ലാക്കാക്കി പ്രതിപക്ഷം പോർമുഖം കനപ്പിക്കുന്ന കാഴ്ചയാണ് ഒടുവിലത്തേത്. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള കോലാഹലങ്ങൾ വേറെയും. സ്വർണക്കടത്ത് കേസ് വിവാദത്തിന്റെ രാഷ്ട്രീയപ്പുക അന്തരീക്ഷത്തിൽ നിന്ന് മായാതിരിക്കാൻ പ്രതിപക്ഷം ഇതെല്ലാം ആവോളം ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ആറ് മാസത്തിലേറെയായി ഒരു വഴിത്തിരിവും സൃഷ്ടിക്കാത്ത സ്വർണക്കടത്ത് കേസന്വേഷണത്തിന് പിന്നിലെ നാടകം ജനം തിരിച്ചറിയുന്നുണ്ടെന്ന് ഇടതുമുന്നണിയും വിശ്വസിക്കുന്നു.

 മുന്നണികൾക്ക് ആത്മവിശ്വാസം

രണ്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പിലും പോളിംഗ് ശതമാനം ഉയർന്നതിൽ മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. 2015നെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞെങ്കിലും കൊവിഡ് പരിമിതികൾക്കിടയിലും ജനം വാശിയോടെ പോളിംഗ് ബൂത്തിലെത്തിയത് പലതിന്റെയും സൂചനകളാണെന്നാണ് മുന്നണികളുടെ വിലയിരുത്തൽ.

സർക്കാരിന്റെ വികസനനേട്ടങ്ങൾ അംഗീകരിക്കാൻ ജനം വെമ്പൽ കൊള്ളുന്നതിന്റെ സൂചനയായാണ് ഇടതുമുന്നണി പോളിംഗിനെ കാണുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായപ്പോൾ എല്ലാത്തരം അധാർമ്മിതകൾക്കും സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന തിരിച്ചറിവ് ജനങ്ങളിലുണ്ടാക്കിയെന്നും അതിനെതിരെ വാശിയോടെ അവർ പ്രതികരിച്ചെന്നുമാണ് യു.ഡി.എഫും എൻ.ഡി.എയും വിശ്വസിക്കുന്നത്. ശക്തികേന്ദ്രങ്ങളിൽ കൂടുതൽ തിളക്കം എൻ.ഡി.എ പ്രതീക്ഷിക്കുമ്പോൾ കഴിഞ്ഞതവണ കൈവിട്ട ജില്ലകളിലെ വലിയ നേട്ടമാണ് യു.ഡി.എഫിന്റെ ഉന്നം.

കൊച്ചി, തൃശൂർ കോർപറേഷനിൽ പോളിംഗിലുണ്ടായ കാര്യമായ കുറവും മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. കോർപറേഷൻ ഭരണം യു.ഡി.എഫിന് നിലനിറുത്താനാകുമോയെന്ന ചോദ്യമാണ് കൊച്ചിയിലുയരുന്നത്. ആത്മവിശ്വാസം അവരൊട്ട് കൈവിടുന്നുമില്ല. ഇരുമുന്നണികളിലായുള്ള കേരള കോൺഗ്രസ് ജോസ്, ജോസഫ് ഗ്രൂപ്പുകൾക്ക് ഈ തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടേണ്ടത് വരുംകാല വിലപേശലുകൾക്ക് അനിവാര്യമാണ്. അതുകൊണ്ടുതന്നെ മദ്ധ്യകേരളത്തിലെ പോളിംഗിനെ ഇരുകൂട്ടരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പാലാ മുനിസിപ്പാലിറ്റിയിൽ പോളിംഗ് കുറഞ്ഞത് ജോസിന്റെയും ജോസഫിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നുമുണ്ട്.

തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂരിലും കാസർകോട്ടും ഒരു പരിധിവരെ കോഴിക്കോട്ടും വലിയ നേട്ടം ഇടതുക്യാമ്പുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ മലപ്പുറത്തും കോഴിക്കോട്ടും കാസർകോട്ടും യു.ഡി.എഫ് പ്രതീക്ഷയും വാനോളമാണ്. മുമ്പില്ലാതിരുന്നിടത്തും സാന്നിദ്ധ്യമറിയിച്ച് സജീവമാകുന്ന എൻ.ഡി.എയും രണ്ടും കല്പിച്ചാണ്.