
ചെന്നൈ: തലൈവർ രജനിക്ക് ഇന്ന് 70 വയസ്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം 31ന് നടക്കാനിരിക്കെ, പിറന്നാൾ ആഘോഷങ്ങൾക്ക് പരമാവധി മാറ്റു കൂട്ടാനുള്ള ഒരുക്കങ്ങൾ രജനികാന്തിന്റെ ഉറ്റ തോഴനും രാഷ്ട്രീയ പാർട്ടിയുടെ ചുമതല വഹിക്കുന്ന 'ഗാന്ധിമക്കൾ ഇയക്കം' നേതാവുമായ തമിഴരുവി മണിയന്റെ നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ തമിഴ്നാട്ടിലാകെ നടത്തും.
ആഘോഷത്തിൽ രാവിലെ പങ്കെടുത്ത ശേഷം രജനി നാളെ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ' പൂർത്തിയാക്കാൻ ഹൈദരാബാദിലേക്കു തിരിക്കും. മൂത്ത സഹോദരൻ എന്നാണ് 'അണ്ണാത്തെ'യുടെ അർത്ഥം. 60 ശതമാനം പൂർത്തിയായ ചിത്രം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനുകൂടി പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ഒരുക്കുന്നത്.
സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളുണ്ട്. വർഷങ്ങൾക്കു ശേഷം ഖുശ്ബുവും മീനയും രജനിക്കൊപ്പം അഭിനയിക്കുന്നു. കീർത്തി സുരേഷുമുണ്ട്.
പാർട്ടിയുടെ പ്രധാന ഭാരവാഹികളെ തീരുമാനിക്കുന്നതിനുള്ള അനൗപചാരിക ചർച്ചയും നാളെ രാവിലെ രജനിയുടെ അദ്ധ്യക്ഷതയിൽ നടക്കും. തമിഴരുവി മണിയൻ, പാർട്ടി രൂപീകരണ സമിതി ചീഫ് കോ - ഓർഡിനേറ്റർ അർജുന രാമമൂർത്തി എന്നിവർക്കു പുറമെ രജനി മക്കൾ മൺട്രം ഭാരവാഹികളും പങ്കെടുക്കും.
രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനായി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിട്ടില്ല. പാർട്ടിക്ക് പതാക, ചിഹ്നം തുടങ്ങിയവ അനുവദിക്കുന്നതിന് 120 ദിവസം വരെ എടുക്കാം. മാർച്ച് അവസാനം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കും. അതിനു മുമ്പ് പാർട്ടിക്ക് അംഗീകാരം നേടിയെടുക്കണം.
മൂന്നാം ശക്തിയാകുമോ?
അണ്ണാ ഡി.എം.കെ, ഡി.എം.കെ കക്ഷികൾക്ക് ബദലായി മൂന്നാം ശക്തിയായി തന്റെ പാർട്ടി മാറുമെന്ന ശുഭ പ്രതീക്ഷയിലാണ് രജനി. ഡി.എം.കെയ്ക്ക് ഒപ്പം നിൽക്കുന്ന അണികളെയും അടർത്തിയെടുത്താലേ രജനിക്ക് പ്രതീക്ഷിക്കുന്ന ലക്ഷ്യം കൈവരിക്കാൻ കഴിയൂ. അണ്ണാ ഡി.എം.കെ നേതാവും ചെന്നൈയിലെ മുൻ മേയറുമായ സെയ്ദൈ ദുരൈസാമി രജനികാന്തിന്റെ പാർട്ടിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്.