
ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് രാത്രിയും പകലും തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു. പകൽ സമയം കറങ്ങിത്തിരിഞ്ഞ് സ്റ്രാൻഡിൽ നടക്കുന്ന നായ്ക്കൾ രാത്രികാലങ്ങളിൽ സ്റ്റാൻഡിൽ ഒത്തുകൂടുന്നത് യാത്രക്കാർക്ക് ശല്യമായി മാറുകയാണ്. യാത്രക്കാരെ ആക്രമിക്കുന്ന സംഘമായി മാറിയിരിക്കുകയാണ് ഇവറ്റകൾ. അടുത്തിടെ ഒരു യാത്രക്കാരനെ നായ കടിച്ചത് ഭീതി പരത്തുകയാണ്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ നായ്ക്കളെ പേടിച്ച് രാത്രികാലങ്ങളിൽ സ്റ്റാൻഡിന് വെളിയിൽ നിന്ന് ബസ് വരുമ്പോൾ മാത്രമാണ് സ്റ്റാൻഡിൽ കയറുന്നത്. ഈ സമയവും ഇവരുടെ കൈവശമുള്ള സാധനങ്ങൾ തട്ടിയെടുക്കാൻ ചില നായ്ക്കൾ ശ്രമിക്കുന്നുണ്ട്. മുൻപ് ഇടറോഡുകളിലായിരുന്നു ഇവരുടെ ആക്രമണമെങ്കിൽ ഇപ്പോൾ നഗര മദ്ധ്യത്തിലാണ് ഇവർ വിഹരിക്കുന്നത്. ബസ് സ്റ്റാൻഡിന് പുറമേ ആറ്റിങ്ങലിലെ വിവിധ സ്‌കൂളുകളിലും നായ്ക്കളുടെ ശല്യം കൂടിവരികയാണ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നായ്ക്കൾ കൈയടക്കിയതോടെ ജീവനക്കാരും ഭയന്നാണ് നടക്കുന്നത്. അക്രമകാരികളായ നായ്ക്കളെയെങ്കിലും അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ബസ് സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ കയറാൻ കഴിയാത്ത സ്ഥിതിയാകുമെന്നാണ് ജീവനക്കാർ പറയുന്നത്.തെരുവ് നായ വന്ധ്യങ്കരണം പൂർണമാണെന്ന് പറഞ്ഞ ആറ്റിങ്ങൽ നഗരസഭാ പരിധിയിലാണ് നായ്ക്കൾ പെറ്റ് പെരുകുന്നത്.
ബസ് സ്റ്റാൻഡിന് പിറക് വശത്തെ പാർക്കിംഗ് ഏരിയ കാടുകയറി കിടക്കുന്നതാണ് നായ്ക്കൾക്ക് പതിയിരിക്കാൻ അവസരമൊരുക്കുന്നതെന്ന് പരാതിയുണ്ട്. കൂടാതെ ഈ പ്രദേശത്ത് മാംസ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും നായ്ക്കൾ ഒത്തു കൂടാൻ കാരണമാകുന്നുണ്ട്.