
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ കുട്ടികൾക്ക് അമിതഭാരം നൽകാതെയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് പറഞ്ഞു.
പൊതുപരീക്ഷ നടക്കുന്ന 10, 12 ക്ലാസുകൾക്ക് പ്രാധാന്യം നൽകി കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണ്.
പത്താം ക്ലാസുകാരുടെ ഡിജിറ്റൽ ക്ലാസുകൾ ജനുവരിയിൽ തന്നെ പൂർത്തിയാക്കാനാകും. 12ാം ക്ലാസിലെ ചില ശാസ്ത്ര വിഷയങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി രണ്ടര മണിക്കൂർ എന്ന ക്രമം അപൂർവം ദിവസങ്ങളിൽ മൂന്നു മണിക്കൂർ വരെ നീണ്ടേക്കാം. എല്ലാ ക്ലാസുകളും പിന്നീട് കാണാനായി firstbell.kite.kerala.gov.in ൽ ലഭ്യമാക്കുന്നുണ്ട്.
18 മുതൽ പ്ലസ്ടു വിദ്യാർത്ഥികളുടെ ഒന്നാം വർഷ സപ്ലിമെന്ററി പരീക്ഷ നടക്കുന്നതിനാൽ ആ ദിവസങ്ങളിൽ 12ാം ക്ലാസിന് ഫസ്റ്റ്ബെൽ ക്ലാസുകൾ ഉണ്ടാകില്ല. അതുപോലെ പത്താം ക്ലാസുകാർക്ക് 24 മുതൽ 27 വരെയും ക്ലാസുകൾ ഉണ്ടാകില്ല. ഇതനുസരിച്ചുള്ള പുതുക്കിയ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.