വെഞ്ഞാറമൂട് :നാല്പത്തി അഞ്ച് അടിയോളം താഴ്ചയും പതിനഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിൽ അകപ്പെട്ട ആടിനെ വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.വെഞ്ഞാറമൂട് മൈലയ്ക്കൽ വിളയിൽ വീട്ടിൽ അബുബക്കറിന്റെ ആറു മാസം പ്രായമുളള ആടാണ് തൊഴുത്തിന് സമീപമുളള കിണറ്റിൽ വീണത്. തല മാത്രം പുറത്തേക്ക് ഉയർത്തിപ്പിടിച്ച നിലയിലായിരുന്നു ആട്. കിണറ്റിൽ അകപ്പെട്ട ആടിനെ ഉടമയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെതുടർന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയിലെ ഫയർ ആന്റ് റസ്ക്യു ഓഫീസർ അഹമ്മദ് ഷാഫി അബ്ബാസിയാണ് കിണറ്റിലിറങ്ങി നെറ്റ് ഉപയോഗിച്ച് ആടിനെ സുരക്ഷിതമായി കരകയറ്റിയത്.അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അജീഷ് കുമാർ, അരുൺ, റെജികുമാർ, സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.