
പുതുവർഷത്തിൽ തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സൂപ്പർ സ്റ്റാർ രജനീകാന്ത്. തമിഴ്‌നാട് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സിനിമയിൽ നിന്ന് വിട്ടുനില്ക്കാനാണ് താരത്തിന്റെ തീരുമാനം.
ഈ വർഷാദ്യം പ്രഖ്യാപിക്കപ്പെട്ട രജനീകാന്ത് ചിത്രമാണ് അണ്ണാത്തെ. ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നയൻതാര, കീർത്തി സുരേഷ്, ഖുശ്‌ബു, മീന എന്നിവരാണ് അണ്ണാത്തെയിലെ നായികമാരാകുന്നത്.
സൺ പിക്‌ചേഴ്സാണ് ഈ വൻ ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന രജനി ഡി. എം.കെയോട് അടുപ്പമുള്ള സൺ പിക്‌ചേഴ്സിന്റെ ചിത്രത്തിൽ ഇനി അഭിനയിക്കുമോയെന്ന ചോദ്യം തമിഴകത്ത് ഉയരുന്നുണ്ട്. എന്നാൽ രാഷ്ട്രീയം വേറെ സിനിമ വേറെ എന്നതാണ് രജനിയുടെ ലൈനെന്നും 'അണ്ണൻ" അണ്ണാത്തെ പൂർത്തിയാക്കുമെന്നുമാണ് രജനിയോട് അടുപ്പമുള്ള വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.