vld-1

വെള്ളറട: മലയോര ഹൈവേയുടെ നിർമ്മാണം ആരംഭിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ഒന്നാംഘട്ടം ആരംഭിച്ച പാതിവഴിയിൽ. പാറശാല മുതൽ കുടപ്പനമൂടുവരെയുള്ള ഭാഗത്താണ് ഒന്നാംഘട്ട നിർമ്മാണം നടത്തുന്നത്. മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച കുടപ്പനമൂട് മുതൽ പരുത്തിപ്പള്ളി വരെയുള്ള രണ്ടാംഘട്ടം നിർമ്മാണം ഏകദേശം അവസാനഘട്ടത്തിലാണ്. നിർമ്മാണം ഇഴയുന്നതിനാൽ പാറശാല മുതൽ കുടപ്പനമൂടുവരെയുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡിന്റെ പല ഭാഗങ്ങളിലും വൻ കുഴികൾ രൂപപ്പെട്ടു. ചിലഭാഗങ്ങളിൽ ഓടകൾ കെട്ടി അത്യാവശ്യം വീതികൂട്ടലും നടത്തിയതു മാത്രമാണ് ആകെ ഉണ്ടായ പുരോഗതി. തുടക്കത്തിൽ തന്നെ ഒച്ചിഴയും വേഗത്തിലായിരുന്നു ഒന്നാംഘട്ടത്തിന്റെ നിർമ്മാണം. വീതികൂട്ടലിന്റെ ഭാഗമായി മതിലുകൾ ഇടിച്ച് കെട്ടിക്കൊടുക്കുന്ന ജോലികളാണ് ആദ്യം നടത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇതും തകിടം മറിഞ്ഞു.