കൊച്ചി: എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾ സുസ്ഥിതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ വേൾഡ് വിഷൻ ഇന്ത്യ. ശാരീരികാരോഗ്യം, ആർജവം, ചിന്താശക്തി, കളിച്ചുവളരാനുള്ള സൗകര്യങ്ങൾ തുടങ്ങിയവയാണ് വിലയിരുത്തിയത്.വയനാട്, കാസർകോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളും ശിശുക്ഷേമത്തിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, കുത്തിവയ്പ്പ് സൗകര്യങ്ങൾ, ആശുപത്രികളുടെ ലഭ്യത, നല്ല വിദ്യാലയങ്ങൾ തുടങ്ങിയ മേഖലകളിൽ കേരളം മുന്നിലാണ്.പാഥ്ഫെെൻഡർ ഇൻർനാഷണൽ ഇന്ത്യ, ജിൻഡാൽ സ്കൂൾ ഒഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ്, പോവെർട്ടി ലേണിംഗ് ഫൗണ്ടേഷൻ, യൂണിവേഴ്സിറ്റി ഒഫ് മെൽബൺ എന്നിവയുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്രഭരണപ്രദേശങ്ങളിലുമായുള്ള 640 ജില്ലകളിലെ കുട്ടികളുടെ ജീവിത നിലവാരമാണ് വിലയിരുത്തിയത്.വേൾഡ് വിഷൻ റിപ്പോർട്ട് കേന്ദ സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യൻ പുറത്തിറക്കി. വേൾഡ് വിഷൻ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാധവ് ബെല്ലംകൊണ്ട ചടങ്ങിൽ പങ്കെടുത്തു.