loan

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം ഇതുവരെ സംസ്ഥാനം കടമെടുത്തത് 18,562 കോടി രൂപ.

കേന്ദ്രം വായ്പാ പരിധി വർദ്ധിപ്പിച്ചതോടെ ഈ വർഷം സംസ്ഥാനത്തിന് മൊത്തം 45,220 കോടി രൂപ കടമെടുക്കാം.എന്നാൽ,അതിനുള്ള ഉപാധികൾ പാലിക്കണം.

കൊവിഡിനെ തുടർന്നാണ് കേന്ദ്രം സംസ്ഥാനങ്ങളുടെ വായ്പാ പരിധി, ജി.ഡി.പിയുടെ 3 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തിയത്. അതുപ്രകാരം 18,088 കോടി കൂടി കിട്ടണം. അര ശതമാനം മാത്രമേ നിബന്ധനകളില്ലാതെ കിട്ടുകയുള്ളൂ. ആ അര ശതമാനം വായ്പ 4522 കോടി രൂപയാണ്.

ബാക്കി ഒന്നര ശതമാനവും നിബന്ധനകൾക്ക് വിധേയമായാണ് നൽകുക.

കുടിയേറ്ര തൊഴിലാളികൾക്കും കുടുംബങ്ങൾക്കും രാജ്യത്തിന്റെ ഏത് സ്ഥലത്തും റേഷൻ സൗജന്യ നിരക്കിൽ കിട്ടുന്ന വിധത്തിൽ ഭക്ഷ്യ സുരക്ഷാ നിയമവും മറ്ര് ക്ഷേമ പദ്ധതികളും നടപ്പാക്കിയാൽ ആദ്യത്തെ 0.25 ശതമാനം വായ്പ നൽകും. യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കിട്ടാനാണിത്. ഇത് കേരളത്തിന് ലഭിച്ചു കഴി‌ഞ്ഞു.

ബാക്കിയുള്ള വായ്പ ലഭിക്കണമെങ്കിൽ വ്യവസായ സൗഹൃദത്തിനായുള്ള ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്, വിതരണത്തിലേത് ഉൾപ്പെടെ ഊർജ്ജ മേഖലയിലെ പരിഷ്കാരങ്ങൾ, നഗര വികസനത്തെ പരിപോഷിപ്പിക്കൽ, ആരോഗ്യ ശുചീകരണ മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയിലൊക്കെ മെച്ചപ്പെട്ട പ്രകടനം നടത്തണം.

ഡിസംബർ 31ന് മുമ്പ് പരിഷ്കരണ നടപടികൾ പൂർത്തിയാക്കുന്നവർക്കും വായ്പാ സൗകര്യം ലഭിക്കും.

ബാക്കി വായ്പ കൂടി ലഭിക്കാൻ പരിഷ്കരണങ്ങൾ നടത്തിയെന്ന് സംസ്ഥാനം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തണം. ഇതിനായുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. 12 വകുപ്പുകളാണ് ഇതിനായി റിപ്പോർട്ട് തയ്യാറാക്കികൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. ബാക്കിയുള്ള 1.25 ശതമാനം വായ്പയും ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

ആകെ കടം 2.92 ലക്ഷം കോടി

സംസ്ഥാനത്തിന്റെ ആകെ കടം 2017-18ലെ 2.10ലക്ഷം കോടിയിൽ നിന്ന് 2.92 ലക്ഷം കോടിയായി ഉയർന്നു. കടം കുത്തനെ വർദ്ധിച്ചെങ്കിലും ജി.ഡി.പിയുമായുള്ള അനുപാതം പരിഗണിച്ചാൽ വർദ്ധനവില്ലെന്ന് കാണാം. 2017-18ൽ ജി.ഡി.പിയുടെ 30.04 ശതമാനമായിരുന്നു കടമെങ്കിൽ ഇപ്പോഴത് 29.86 ശതമാനമായി കുറഞ്ഞു.