
തിരുവനന്തപുരം:ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദന്ത ഡോക്ടർമാർ പണിമുടക്കി. തിരുവനന്തപുരം ജി.പി.ഒ ഓഫീസിന് മുന്നിലും ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിന് മുന്നിലും ധർണ സംഘടിപ്പിച്ചു. ആറ്റിങ്ങലിൽ അടൂർ പ്രകാശ് എം.പിയും ജി.പി.ഒയ്ക്ക് മുന്നിൽ ഐ.ഡി.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ് അഭിലാഷും ധർണ ഉദ്ഘാടനം ചെയ്തു. പുതിയ നിയമം രോഗികളോടുള്ള ക്രൂരതയാണെന്നും വ്യാജ ചികിത്സകർ കൂടാനും കാരണമാകുമെന്ന് ഐ.ഡി.എ ഭാരവാഹികൾ ധർണയ്ക്ക് ശേഷം പ്രസ് ക്ലബിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ധർണയിൽ ഐ.ഡി.ഐ ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ.അരുൺ രാമചന്ദ്രൻ, കൺവീനർ ഡോ പ്രേംജിത്ത്,ജില്ലാ പ്രസിഡന്റ് ഡോ.തരുൺ.വി.ജേക്കബ്, സെക്രട്ടറി ഡോ.സിദ്ധാർത്ഥ് വി. നായർ, ഐ.ഡി.എ ആറ്റിങ്ങൽ പ്രസിഡന്റ് ഡോ.ഷെറി എ.കലാം സെക്രട്ടറി ദീപക് എസ്.ദാസ് തുടങ്ങിയവർ പങ്കെടുത്തു.