farm-law
farm law

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കേരളത്തേയും ബാധിക്കുമെന്ന് അഖിലേന്ത്യാ കിസാൻ ഖേദ് മസ്ദൂർ സംഘടൻ മദ്ധ്യപ്രദേശ് സംസ്ഥാന സെക്രട്ടറി മനീഷ് ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാർ നേരിട്ടാണ് കേരളത്തിൽ കാർഷികവിള ശേഖരിക്കുന്നത്. പുതിയ നിയമത്തിലൂടെ ഈ അവകാശം കോർപറേറ്റുകൾക്ക് കീഴിലാകും. കർഷക സമരത്തെ സാധാരണക്കാരുടെ പ്രക്ഷോഭമായി കേരളത്തിൽ ഉയർത്തിക്കൊണ്ടുവരണം.
കർഷകരുടെ ഇതിഹാസ പോരാട്ടത്തെ നക്‌സൽ, തീവ്രവാദി സംഘടനകളുടെ സമരമായാണ് കേന്ദ്രസർക്കാർ ഉയർത്തിക്കാട്ടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിനെതിരെയും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കർഷകസമരം പൊതുജന പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ആരോപണം തെറ്റാണെന്ന് ജനങ്ങൾ തെളിയിക്കുമെന്നും മനീഷ് ശ്രീവാസ്തവ പറഞ്ഞു. അഖിലേന്ത്യാ കിസാൻ ഖേദ് മസ്ദൂർ സംഘടൻ ദേശീയ സമിതിയംഗം ജയ്‌സൺ ജോസഫ്, കർഷക പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. സദാനന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.