
തിരുവനന്തപുരം: വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് മന്ത്രി എ.സി. മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. മന്ത്രി 6.55ന് വോട്ട് ചെയ്തുമടങ്ങി. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കരെ എം.എൽ.എയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. കോൺഗ്രസ് ബൂത്ത് ഏജന്റും പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് ജില്ലാവരണാധികാരി കൂടിയായ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണ റിപ്പോർട്ട് തേടിയത്.
മന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയ തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് സ്റ്റേഷനിലെ പ്രിസൈഡിംഗ് ഒാഫീസർ നൽകിയ വിശദീകരണത്തിൽ സ്വന്തം കൈയിലെ വാച്ചിൽ ഏഴുമണിയായപ്പോഴാണ് വോട്ടെടുപ്പ് തുടങ്ങിയതെന്നാണ് റിപ്പോർട്ട്. കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ചശേഷം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.